വളപട്ടണം, മേലെ ചൊവ്വ ഗതാഗതക്കുരുക്ക്; തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
കണ്ണൂർ: വളപട്ടണം പാലത്തിലെ നവീകരണ പ്രവൃത്തിയും മേലെ ചൊവ്വ മേൽപ്പാലം നിർമ്മാണവും നടക്കുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി തിരക്കേറിയ സമയങ്ങളിൽ ഇതുവഴി ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ പി വിഷ്ണുരാജ് ഉത്തരവിട്ടു. രണ്ടു പ്രവൃത്തികളും പൂർത്തിയാകുന്നതു വരെ പഴയങ്ങാടി റോഡിൽ ചെറുകുന്ന്, തളിപറമ്പ റോഡിൽ ധർമശാല മുതൽ എടക്കാട് വരെയുള്ള ഭാഗത്ത് രാവിലെ എട്ട് മുതൽ പത്ത് വരെയും വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെയുമാണ് ഭാരവാഹനങ്ങൾക്ക് ദുരന്തനിവാരണ നിയമ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയത്. 10 ടയർ മുതലുള്ള ഹെവി ചരക്ക് വാഹനങ്ങൾ, മൾട്ടി-ആക്‌സിൽ ട്രക്കുകൾ, ട്രെയിലർ / സെമി-ട്രെയിലർ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണം.
പഴയങ്ങാടി - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ റൂട്ട് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ചുചേർത്ത ബസ് ഉടമകളുടെയും ജീവനക്കാരുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയന്ത്രണമുള്ള സമയങ്ങളിൽ ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയിൽ ഭാരവാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ കണ്ണപുരം, തളിപ്പറമ്പ്, എടക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
ഉത്തരവ് അടിയന്തരമായി പ്രാബല്യത്തിൽ വരുത്തുന്നതിനും ആവശ്യമായ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കി ഗതാഗതം സുഗമമാക്കുന്നതിനും ബന്ധപ്പെട്ട പോലിസ്, ദേശീയപാത അതോറിറ്റി, നിർമാണ ഏജൻസി ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജില്ലാകലക്ടർ അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സിറ്റി പോലിസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി, അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, ആർടിഒ ഇ എസ് ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് പൊലീസ് കമീഷണർ എം പി ആസാദ്, ബസ് തൊഴിലാളി, ബസ്സുടമാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)

