ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാട്ടുചികിത്സാ ഇൻസ്റ്റിറ്റ്യൂട്ട് വേഗം തുടങ്ങണമെന്ന് പാരമ്പര്യ നാട്ടുവൈദ്യ സംയുക്ത സമിതി


കണ്ണൂർ: പാരമ്പര്യ നാട്ടുവൈദ്യൻമാരെയും നാട്ടുചികിത്സയെയും പ്രോത്സാഹിപ്പിക്കുന്നതിനായി നാട്ടു ചികിത്സ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ നീക്കിവെച്ചു കൊണ്ടുള്ള ബഡ്ജറ്റ് തീരുമാനം എത്രയും വേഗം നടപ്പിലാക്കണമെന്ന് പാരമ്പര്യ നാട്ടുവൈദ്യ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ സുലൈമാൻ വൈദ്യർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പാരമ്പര്യ വൈദ്യൻമാരെ ബഡ്ജറ്റിൽ പരിഗണിച്ച സർക്കാരിൻ്റെ നടപടി അഭിനന്ദനീയമാണ്. ഭാരതീയ നാട്ടുവൈദ്യത്തെ പരിപാലിച്ചും പ്രായോഗികമാക്കിയും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്തണം. വിശ്വപ്രസിദ്ധ ചികിത്സ സമ്പ്രദായമായ ഭാരതീയ ചികിത്സാ സമ്പ്രദായം സംരക്ഷിക്കണമെന്നും ടി.ജെ സുലൈമാൻ വൈദ്യർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എൻ. ഇ പവിത്രൻ ഗുരുക്കൾ, ചന്ദ്രമതി എസ് വൈദ്യർ, കെ. സന്ദീപ് വൈദ്യർ, രാജൻ കയനി എന്നിവരും പങ്കെടുത്തു.
