അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കാൻ സഞ്ചാര കേന്ദ്രങ്ങൾ ; വരുന്നു ടൂറിസം സർക്യൂട്ട് പദ്ധതി
കണ്ണൂർ : പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അവിസ്മരണീയ ദൃശ്യവിരുന്നുകളാണ് ഇവിടങ്ങളിൽ കാണാനാവുക.അടിസ്ഥാന സൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടത്തിൽ നടത്തുക. സജീവ് ജോസഫ് എം.എല്‍.എയുടെയും അസി. കലക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഉന്നതതല സംഘം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചിക്കുകയും പാലക്കയംതട്ടിൽ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു.
സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മലയും 3500ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്തുള്ള പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രങ്ങൾ. ഇവിടെ വനം വകുപ്പുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
കാഞ്ഞിരക്കൊല്ലി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങൾ മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നവയാണ്. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതൽക്കുണ്ട്, നടുവിൽ പഞ്ചായത്തിലെ പാലക്കയംതട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെല്ലാം ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്.