ടി എൻ പ്രകാശ് സാഹിത്യപുരസ്കാരം ജമാൽ കൊച്ചങ്ങാടിക്ക്

Jamal Kochangadi to receive TN Prakash Literary Award

കണ്ണൂർ :രണ്ടാമത് ടി എൻ പ്രകാശ് സാഹിത്യ പുരസ്കാരം ജമാൽ കൊച്ചങ്ങാടിയുടെ 'സിനഗോഗ് ലെയ്ൻ' എന്ന നോവൽ അർഹമായതായി അവാർഡ് കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.44444 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഡോ ഇ വി രാമകൃഷ്ണൻ, ഇ പി രാജഗോപാലൻ, ബാലകൃഷ്ണൻ കൊയ്യാൽ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത്. കൊച്ചിയിലെ ജൂതസമൂഹത്തെ മുൻനിർത്തി കേരളജനതയുടെ സമ്പന്നമായ ബഹുസ്വരതയെ സർഗാത്മകാനുഭവമാക്കുന്ന നോവലാണ് 'സിനഗോഗ് ലെയ്ൻ' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

tRootC1469263">

 കേരളത്തിൻ്റെ മുഖ്യധാരയിലിഴുകിച്ചേർന്ന പ്രവാസിസമൂഹങ്ങൾ, മലയാളിത്തനിമയെ അഗാധവും വിശാലവുമാക്കിയതിന്റെ നേർക്കാഴ്ചകൾ ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നു. ഹിംസയുടെ അതിനാടകീയ പാഠങ്ങൾ പ്രചരിക്കുന്ന ഇക്കാലത്ത് സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കേണ്ടുന്ന മൂല്യങ്ങളാണെന്ന് ഈ കൃതി നേരിന്റെ ഭാഷയിൽ അടയാളപ്പെടുത്തുന്നു. സ്വാതന്ത്ര്യപ്പോരാളിയും പത്രപ്രവർത്തകനുമായിരുന്ന പി. എ. സൈനുദ്ദീൻ നൈനയുടെ ഇളയ പുത്രനാണ് ജമാൽ കൊച്ചങ്ങാടി. 1963 മുതൽ 2018 വരെ പത്രപ്രവർത്തകനായി ജോലി ചെയ്തു. സിനഗോഗ് ലെയ്ൻ കൂടാതെ തീത്തുരുത്തിലെ സാറ(നോവലെറ്റ്) ക്ലാസിക് അഭിമുഖങ്ങൾ (വിവ:) റഫിനാമ, ലതാ മങ്കേഷ്ക്കർ സംഗീതവും ജീവിതവും, മെലഡി തുടങ്ങി മുപ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വക്കം അബ്ദുൽ ഖാദർ, പി.ടി. അബ്ദുർറഹ്മാൻ, പി.എ. ബക്കർ, കോഴിക്കോട് സഹൃദയ സംഘം,  ജെ. സി. കുറ്റിക്കാട് തുടങ്ങി പന്ത്രണ്ടോളം സാഹിത്യ പുരസ്ക്കാരങ്ങൾ ജമാൽ കൊച്ചങ്ങാടിക്ക് ലഭിച്ചിട്ടുണ്ട്.

 ദേശീയ പുരസ്ക്കാരം നേടിയ, പി.എ ബക്കറിൻ്റെ ചാപ്പ എന്ന സിനിമയുടെ കഥ ജമാൽ കൊച്ചങ്ങാടിയുടെതാണ്.  30 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഷാഫി പൂവത്തിങ്കലിന്റെ 'നീലാടിന്റെ കാഴ്ചബംഗ്ലാവ്' എന്ന ചെറുകഥ ഒന്നാം സ്ഥാനത്തിന് അർഹമായി. 5000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.ഒറ്റപ്പാലം സ്വദേശിയായ ഷാഫി കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം ഗവേഷകനാണ്. മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരം, ഒ.വി വിജയൻ സ്മാരക യുവകഥ പുരസ്കാരം, അശ്രഫ് ആഡൂർ കഥാ പുരസ്കാരം, മനോരമ യുവ ഹോർത്തൂസ് കഥാ പുരസ്കാരം ഉൾപ്പെടെയുള്ളവ നേടിയിട്ടുണ്ട്.

 ടി എൻ പ്രകാശിന്റെ കുടുംബമാണ് പുരസ്കാരത്തുക നൽകുന്നത്. മാർച്ച് 24ന് വൈകിട്ട് 3.30ന് കണ്ണൂർ ശിക്ഷക്സദനിൽ നടക്കുന്ന അനുസ്മരണസമ്മേളനം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. എം മുകുന്ദൻ, പുരസ്കാരങ്ങൾ സമർപ്പിക്കും. പി പി ശശീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തും. ബാലകൃഷ്ണൻ കൊയ്യാൽ അവാർഡ്ജേതാക്കളെ പരിചയപ്പെടുത്തും. അനുസ്മരണസമിതി ചെയർമാൻ എൻ.ടി സുധീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ എൻ ടി സുധീന്ദ്രൻ  (ചെയർമാൻ.അനുസ്മരണ സമിതി)
ടി പി വേണുഗോപാലൻ (കൺവീനർ)ബാലകൃഷ്ണൻ കൊയ്യാൽ (ജൂറി അംഗം),ഗീതപ്രകാശ്, അഡ്വ: കെ കെ രമേഷ് എന്നിവർ പങ്കെടുത്തു.
 

Tags