'സൂരജ് വധക്കേസിൽ ടി.കെ രജീഷിനെ പിന്നീട് പ്രതി ചേർക്കുകയായിരുന്നു' : എം.വി ജയരാജൻ


കണ്ണൂർ : മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പാറക്കണ്ടിയിലുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസിൽ പ്രതി ചേർത്തത്. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേർക്കുകയെന്നും ജയരാജൻ ചോദിച്ചു.

ശിക്ഷിക്കപ്പെട്ടവരിൽ മൂന്ന് പേർ കഴിഞ്ഞ കുറെ കാലമായി ചികിത്സയിലുള്ളവരും ശയ്യാവലംബരുമാണ്. ഇവരുൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പാർട്ടി ശിക്ഷിക്കപ്പെട്ടവരോടൊപ്പം നിൽക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.
മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്നാണ് തലശേരി സെഷൻസ് കോടതിയുടെ കണ്ടെത്തൽ.