കണ്ണൂരിൽ തിരുവോണം ബംബർ ലോട്ടറി പ്രകാശനം ചെയ്തു ; ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി

Thiruvonam Bumper Lottery launched in Kannur; first prize raised to ₹30 crore.

കണ്ണൂർ:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ലോട്ടറി ജില്ലാതല പ്രകാശനം പി.ആർ. ചേംബറിൽ ടി.ഒ മോഹനൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. എഡി.എം പി.എൻ പുരഷോത്തമൻ മുഖ്യാതിഥിയായി. 

ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ജില്ലാ പ്രസിഡന്റ് പി.വി സജേഷ്, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മടപ്പള്ളി, ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എം മനോജ്,  ജില്ലാ ഭാഗ്യക്കുറി ഓഫീസർ എം.കെ രജിത്കുമാർ,  ജില്ലാ ഭാഗ്യക്കുറി അസിസ്റ്റന്റ് ഓഫീസർ ടി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഇത്തവണ തിരുവോണം ബംബർ ഭാഗ്യക്കുറി പുറത്തിറക്കിയത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം നൽകുന്നു. ഒന്നാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി സമ്മാനമായും നൽകുന്നു. 

തിരുവോണം ബംബർ ഭാഗ്യക്കുറിയിലൂടെ ഇത്തവണ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയുന്നവിധമാണ് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും, നാലാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേർക്കും, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപവീതം 10 പേർക്കും നൽകും. ഇതിന് പുറമെ 5000 മുതൽ 500 രൂപവരെയുള്ള നിരവധി സമ്മാനങ്ങളും നൽകുന്നു. ഏജന്റുമാർക്ക് ഡിസ്‌ക്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇൻസന്റീവും ഇത്തവണ നൽകുന്നുണ്ട്. ഭാഗ്യക്കുറിയിൽ നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾക്ക് പുറമെ ഇത്തവണ ഫ്‌ളൂറസെന്റ് മഷിയുള്ള അച്ചടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 10 പരമ്പരകളായി പുറത്തിറങ്ങിയ ടിക്കറ്റിന് ഒന്നിന് 500 രൂപയാണ് വില. സെപ്തംബർ 26 ന് ഭാഗ്യക്കുറി നറുക്കെടുക്കും.

Tags