'അര നൂറ്റാണ്ട് പഴക്കമുള്ള ഇടുപ്പെല്ലിനുള്ള ക്ഷതം മാറ്റി' ; തിരുവനന്തപുരം സ്വദേശിനിക്ക് തുണയായി കണ്ണൂർ മെഡിക്കൽ കോളേജ്

'Half-century-old hip fracture repaired'; Kannur Medical College helps Thiruvananthapuram native
'Half-century-old hip fracture repaired'; Kannur Medical College helps Thiruvananthapuram native

കണ്ണൂർ : തിരുവനന്തപുരം സ്വദേശിനിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി നടത്തി.
പതിമൂന്നാമത്തെ വയസ്സിൽ വീഴ്ചയിൽ ഉണ്ടായ ഗുരുതര പരിക്ക് മൂലം വലതുകാലിൽ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിലെ  വീട്ടമ്മയ്ക്ക് തന്റെ അറുപത്തിമൂന്നാം വയസ്സിൽ വർഷങ്ങൾ നീണ്ട ദുരിതജീവിതത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന്  ആശ്വാസമായി.

ഇതോടെ ഒരു പുനർജന്മമാണ് ഇവർക്ക് ലഭിച്ചത്. വീട്ടുജോലികൾ ചെയ്തു കുടുംബം പോറ്റുന്ന ആറ്റിങ്ങൽകാരിയായ ഗിരിജയാണ് കണ്ണൂർ ഗവ കോളേജ് പരിയാരത്തെ കണ്ണൂർ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ വദഗ്ദ്ധചികിത്സ കൊണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നുകയറിയത്.

'Half-century-old hip fracture repaired'; Kannur Medical College helps Thiruvananthapuram native

അസ്ഥിരോഗവിഭാഗം മേധാവി ഡോ. സുനിൽ, ഡോ. റിയാസ്, ഡോ.അൻസാരി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിതിന്റെ നേതൃത്വത്തിലുള്ള  ഡോകട്ർമാർ മറ്റു ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു മെഡിക്കൽ ടീം  ഈ മാസം അഞ്ചിനാണ് ഗിരിജയുടെ വലതു കാലിൽ ഇടുപ്പെല്ല് പൂർണ്ണമായും മാറ്റിവച്ചുകൊണ്ടുള്ള ( ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ് ) ശസ്ത്രക്രിയ നടത്തിയത്.

ഫെബ്രുവരി മാസം 28നാണ് സ്വദേശമായ ആറ്റിങ്ങലിൽ നിന്ന് വന്ന രോഗിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌   ചെയ്തത്.ചെറുപ്പത്തിൽ സംഭവിച്ച വീഴ്ച്ചയുടെ ആഘാതത്താൽ വലത്തുകാലിലെ  ഇടുപ്പെല്ലിന് ക്ഷതം വന്ന്  ദ്രവിച്ച് തിരിഞ്ഞുപോയ നിലയിൽ ആയിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ്യമായ മറ്റു പരിശോധനകൾക്ക് ശേഷം മാർച്ച്‌ 5ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് രോഗിയെ വിധേയയാക്കി.

ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇമ്പ്ലാന്റ്, മരുന്നുകൾ,ഭക്ഷണം, റൂമിലെ താമസം എല്ലാം തന്നെ പൂർണ്ണമായും സൗജന്യമായാണ്  രോഗിക്ക് ലഭ്യമാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഭീമമായ തുക ചിലവ് വരുമ്പോഴാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രൂപ പോലും ചിലവ് വരാതെ ചികിത്സ ലഭ്യമാക്കിയത്.

മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 20ന് വൈകീട്ടോടെ രോഗിയെ മെഡിക്കൽ കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിൽ  സ്വദേശത്തേയ്ക്ക് യാത്രയാക്കി.

കണ്ണൂർ ഗവ. മെഡിക്കൽ  പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ്, ശസ്ത്രക്രിയക്ക്  നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവരോടുള്ള സ്നേഹവും കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രോഗിയും കുടുംബാംഗങ്ങളും നിറഞ്ഞ മനസോടെ യാത്രയായത്.

സർക്കാർ ആതുരാലയങ്ങൾക്കെതിരെ പരാതിയും പരിഭവങ്ങളും നെഗറ്റീവ് പ്രചരണങ്ങളും സോഷ്യൽ മീഡിയയിലും മറ്റും നിറയുമ്പോഴും നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരായ രോഗികളുടെ കൈയ്യടി നേടി മുന്നേറുകയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ്.

Tags