തെരുവുനായ ശല്യം : പാനൂർ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തം; സമരത്തിനും നിയമപോരാട്ടത്തിനും നാട്ടുകാരുടെ നീക്കം

dog

പാനൂർ: നഗരസഭാ പരിധിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാത്തതിൽ പാനൂർ നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാർ ഒപ്പിട്ട് നൽകിയ ഭീമഹർജിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

2026 ഒക്ടോബർ 27-ന് നൽകിയ നിവേദനത്തിൽ നവംബർ മൂന്നിനകം കൃത്യമായ മറുപടിയും നടപടിയും സ്വീകരിക്കുമെന്ന് നഗരസഭ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തെരുവുനായ ശല്യം രൂക്ഷമായതോടെ സ്കൂൾ വിദ്യാർത്ഥികൾക്കും വയോധികർക്കും പ്രഭാതസവാരിക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഏറെ പ്രയാസപെടേണ്ട സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥലമില്ലെന്നും ഫണ്ടില്ലെന്നും പറഞ്ഞ് നഗരസഭ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭാ ഓഫീസിന് മുന്നിൽ ജനപങ്കാളിത്തത്തോടെ സത്യാഗ്രഹ സമരം സംഘടിപ്പിക്കാനും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച് പൊതുതാൽപര്യ ഹർജി നൽകാനും പ്രദേശവാസികൾ ആലോചിക്കുന്നുണ്ട്.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

Tags