കണ്ണൂരിലെ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷത്തിന്റെ സിഗരറ്റ് മോഷണം: തമിഴ്‌നാട് സ്വദേശിയായ സെയിൽസ്മാൻ തെങ്കാശിയിൽ പിടിയിൽ

Theft of cigarettes worth 30 lakh from a Kannur establishment Salesman from Tamil Nadu arrested in Tenkasi

കണ്ണൂർ: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി കവർച്ച ചെയ്ത കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് വിരുതുനഗർ സ്വദേശിയായ വേൽമുരുകൻ (40) ആണ് പിടിയിലായത്.

കണ്ണൂർ ഹാജി റോഡിൽ പ്രവർത്തിക്കുന്ന 'എബിൾ സ്റ്റോർ' എന്ന സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്നു വേൽമുരുകൻ. സ്ഥാപനത്തിലെ സ്റ്റോക്കിൽ നിന്ന് നിരന്തരമായി സിഗരറ്റ് പാക്കറ്റുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെ വിവിധ കടകളിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ രീതി. 

ഉടൻ മോഷണം തിരിച്ചറിയാതിരിക്കാൻ സിഗരറ്റ് അടങ്ങിയ വലിയ ബോക്സുകൾ കടയിൽ തന്നെ ഉപേക്ഷിച്ച്, ഉള്ളിലെ പാക്കറ്റുകൾ മാത്രമാണ് ഇയാൾ കവർന്നിരുന്നത്. സംശയം തോന്നി കടയിലെ തട്ട് പരിശോധിച്ചപ്പോൾ വലിയ ബോക്സുകളുടെ നിരവധി കവറുകൾ കണ്ടെത്തി. കൂടാതെ മറ്റൊരു ജീവനക്കാരൻ ഇയാൾ മോഷണം നടത്തുന്നത് നേരിട്ട് കാണുകയും ചെയ്തു.

സ്ഥാപന ഉടമകൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയവും രഹസ്യവുമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിലെ തെങ്കാശി പാൻപൊളിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. 

കണ്ണൂർ ടൗൺ എസ്.ഐമാരായ വിപിൻ ടി.എം, ഹരികൃഷ്ണൻ, എസ്‌.സി.പി.ഒ ബൈജു, സി.പി.ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags