കണ്ണൂർ ജില്ലയിൽ ഉന്നതന്മാർക്ക് മാത്രം അംഗത്വമുള്ള ക്ലബ്ബുകളിലെ ആഘോഷ പരിപാടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു ; മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി
കണ്ണൂർ : ജില്ലയിലെ വിവിധ ഇടങ്ങളിൽ ഉന്നതന്മാർക്ക് മാത്രം അംഗത്വമുള്ള വിവിധ ക്ലബ്ബുകളുടെ പേരിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും ബിസിനസ്സുകാരും ഉദ്യോഗസ്ഥരും മറ്റുമുള്ള ക്ലബ്ബുകളിൽ യാതൊരുവിധ ലൈസൻസും ഇല്ലാതെ മദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് പതിവാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ട് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി.
ആയുർവേദ മസാജ് സെന്ററുകളുടെയും ആശുപത്രികളുടെയും മറവിലും രാസ ലഹരികളുടെ ഉപയോഗം വ്യാപകമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വിനോദസഞ്ചാരികളായ സ്വദേശികളും വിദേശികളും വരികയും താമസിക്കുകയും ചെയ്യുന്ന ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നുണ്ട്.
ആയുർവേദ മസാജ് സെന്ററുകൾ, ആയുർവേദ ആശുപത്രികൾ അടക്കമുള്ള സ്ഥലങ്ങളിൽ ഇത്തരം വസ്തുക്കളുടെ ഉപയോഗവും വിനിമയവും നടക്കുന്നുണ്ടോ എന്നറിയാനും സമഗ്രമായ അന്വേഷണം നടത്തണം.
പോലീസുകാർക്ക് ഇത്തരക്കാരെ കുറിച്ച് വിവരങ്ങൾ അറിയാഞ്ഞിട്ടല്ല, ഇവരുടെ ഉന്നത സ്വാധീനം കാരണം പലപ്പോഴും കേസെടുക്കാനോ നടപടിയെടുക്കാനും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി,ജില്ലാ ജനറൽ സെക്രട്ടറി പി കെ ലതീഷ്, രഞ്ജിത്ത് സർക്കാർ എന്നിവരാണ് നിവേദനം നൽകിയത്.
.jpg)

