അനധികൃത കൈയ്യേറ്റം: മാടായിപ്പാറയിലെ തട്ടുകടകൾ ഒഴിപ്പിച്ചു
പഴയങ്ങാടി: മാടായിപ്പാറയിലെ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് കൈയ്യേറി അനധികൃതമായി കച്ചവടം നടത്തുന്ന തട്ടുകട വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കാൻ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി കച്ചവടക്കാർക്ക് അധികൃതർ നോട്ടീസ് നല്‍കി.
മാടായിക്കാവ് ദേവസ്വം അധികൃതർ മാടായിപ്പാറയിലെയും റോഡിലെയും അനധികൃത വ്യാപാരത്തിനെതിരെ ചീഫ് സെക്രട്ടറി, കലക്ടർ, തഹസില്‍ദാർ, പൊലീസ്, മാടായി പഞ്ചായത്ത് എന്നിവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയില്‍ കേരള ഹൈകോടതി അനധികൃത കച്ചവടം നീക്കാൻ നേരത്തേ വിധി നല്‍കിയിരുന്നു. വിധി നടപ്പാക്കാൻ ആറുമാസം കഴിഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നതിനാല്‍ ദേവസ്വം അധികൃതർ കോടതി അലക്ഷ്യത്തിനെതിരെ കേരള ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് തിരക്കിട്ട് നടപടി ആരംഭിച്ചത്.
പയ്യന്നൂർ തഹസില്‍ദാർ, ഡെപ്യൂട്ടി തഹസില്‍ദാർ, മാടായി വില്ലേജ് ഓഫിസർ, മാടായി പഞ്ചായത്ത് അസി. സെക്രട്ടറി, പഴയങ്ങാടി പൊലീസ് എന്നിവരാണ് നടപടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തി നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ പ്രമുഖ ഇടനാടൻ ചെങ്കല്‍ കുന്നായ മാടായിപ്പാറയില്‍ വാഹനങ്ങള്‍ കയറുന്നതിനാല്‍ ജൈവ വൈവിധ്യങ്ങളും നശിക്കുകയാണ്. സാമൂഹിക ദ്രോഹികള്‍ മദ്യപിക്കുന്നതും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതും ഇവിടെ പതിവാണ്.
ജില്ലയില്‍ ആകെ കണ്ടെത്തിയ 1120 ചെടികളില്‍ 675 തരം സസ്യങ്ങളുടെ സാന്നിധ്യം മാടായിപ്പാറയിലുണ്ട്. 18 ചെടികളെ സസ്യ ലോകത്തിന് പരിചയപ്പെടുത്തിയതു തന്നെ മാടായിപ്പാറയാണ്. കേരളത്തില്‍ ആകെ കണ്ടെത്തിയ ശലഭങ്ങളില്‍ 160ല്‍ പരം മാടായിപ്പാറയിലുണ്ട്. അധികൃതർ നടപടി ആരംഭിച്ചതോടെ തട്ടുകടകള്‍ പലതും അടച്ചു തുടങ്ങിയിട്ടുണ്ട്.