മുഴക്കുന്നിൽ ഇനി ഒരാഴ്ച കഥകളിസംഗീതം മുഴങ്ങും, ദേശീയ കഥകളി ഉത്സവത്തിന് തിരിതെളിഞ്ഞു

Kathakali music will resonate in Muzhakkunnu

കണ്ണൂർ/മുഴക്കുന്ന്: കഥകളിയെന്ന ലോകോത്തര കലാസൃഷ്ടിക്ക് ജന്മം നൽകിയ മുഴക്കുന്നിൽ ഇനി ഒരാഴ്ചക്കാലം കലാസ്വാദകർക്ക് കഥകളിയുടെ രാപകലുകൾ സമ്മാനിക്കും. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് കോട്ടയത്ത് തമ്പുരാൻ  കഥകളി ഉത്സവത്തിന് മൃദംഗശൈലേശ്വരി ക്ഷേത്രമുറ്റത്ത് അരങ്ങുണർന്നു.

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാൻ ഉത്സവത്തിന് തിരിതെളിച്ചു. സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ. കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ചെയർമാൻ കെ രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ, ക്ഷേത്രം ഭരണസമിതി അംഗം പ്രേമരാജൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം തമ്പുരാന്റെ വിഖ്യാതമായ ആട്ടക്കഥകളാണ് ഏഴുദിവസം നീളുന്ന ഉത്സവത്തിൽ സവിസ്തരം അരങ്ങിലെത്തുക. ബകവധം, കലകേയവധം, കിര്മീരവധം, കല്യാണസൗഗന്ധികം എന്നീ ആട്ടക്കഥകളാണ് അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ആട്ടക്കഥകൾ സവിസ്തരം കഥകളി അരങ്ങിൽ അവതരിപ്പിക്കുക.

The strains of Kathakali music will resonate in Muzhakkunnu for the next week the National Kathakali Festival has been inaugurated

സംസ്ഥാനത്തെ പ്രമുഖ വേഷക്കാരും പാട്ടുകാരും മേളക്കാരും കഥകളി ഉത്സവത്തിന്റെ ഭാഗമാകും. കഥകളി രംഗത്ത് പ്രവർത്തിക്കുന്ന യുവകലാകാരന്മാർക്ക് ഇത്തവണ ഉത്സവത്തിൽ പ്രത്യേക പരിഗണനയും നൽകുന്നുണ്ട്.

അതത് ദിവസങ്ങളിൽ അരങ്ങിലെത്തുന്ന കഥകളുടെ ചൊല്ലിയാട്ടം രാവിലെ നടക്കും. എല്ലാ ദിവസവും വൈകീട്ട് നാലിന് ആരംഭിക്കുന്ന കഥകളി അരങ്ങ് രാത്രി പത്തുമണിയോടെ സമാപിക്കും.

മൃദംഗശൈലേശ്വരി ക്ഷേത്ര ഭരണസമിതിയുടെ സഹകരണത്തോടെയാണ് കഥകളി ഉത്സവം സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം മയ്യനാട് രാജീവ്, കലാമണ്ഡലം മഹേന്ദ്രൻ കലാമണ്ഡലം അരുൺ വാരിയർ, കലാമണ്ഡലം വിപിൻ ശങ്കർ എന്നിവർ വേഷത്തിലും, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം അജേഷ് പ്രഭാകർ എന്നിവർ സംഗീതത്തിലും, കലാമണ്ഡലം രവിശങ്കർ ചെണ്ടയിലും, കലാമണ്ഡലം വേണു മദ്ദളത്തിലും, കലാമണ്ഡലം മുരളി, കലാമണ്ഡലം രാജേഷ്, സദനം വിവേക് എന്നിവർ ചുട്ടിയിലും, രാമകൃഷ്ണൻ, ഷാജി തുടങ്ങിയവർ അണിയറയിലും പ്രവർത്തിക്കുന്നു. ശനിയാഴ്ച ബകവധം കഥകളിയുടെ രണ്ടാംഭാഗം അരങ്ങിലെത്തും.

Tags