സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലൈഫ്‌സ്റ്റൈൽ ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

The state's first pediatric lifestyle clinic begins operations at Aster MIMS, Kannur

 കണ്ണൂർ: കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും സമഗ്രമായ ചികിത്സയിലൂടെ പ്രതിരോധിക്കുന്നതിനുമായി കേരളത്തിലെ ആദ്യത്തെ പീഡിയാട്രിക് ലൈഫ്‌സ്റ്റൈൽ ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബാലതാരം ബേബി നക്ഷത്ര ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ ജീവിതശൈലീ ക്രമീകരണത്തിനും രോഗപ്രതിരോധത്തിനുമായി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു പ്രത്യേക വിഭാഗം സജ്ജമാകുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ഈ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുക.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും വ്യായാമക്കുറവും അമിതമായ മൊബൈൽ ഉപയോഗവും മൂലം കുട്ടികളിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായി ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചത്. അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബാധിക്കുന്നുണ്ട്. കൂടാതെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അതുമൂലമുണ്ടാകുന്ന ഓട്ടിസം, എ.ഡി.എച്ച്.ഡി,  പെരുമാറ്റ വൈകല്യങ്ങളും തുടങ്ങി പഠന വൈകല്യങ്ങൾ വരെ ഇന്ന് വളർന്നുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്. കൃത്യസമയത്ത് ശ്രദ്ധ ലഭിച്ചില്ലെങ്കിൽ ഇവ കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയെ ദോഷകരമായി ബാധിക്കുകയും ഭാവിയിൽ ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ദീർഘകാല രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

ഈ വെല്ലുവിളികളെ നേരിടുന്നതിനായി ശിശുരോഗ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക ക്ലിനിക്കിൽ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പുറമെ കുട്ടികളുടെ ഭക്ഷണക്രമം ക്രമീകരിക്കുന്നതിനുള്ള ന്യൂട്രീഷ്യനിസ്റ്റുകളുടെ സേവനം മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള കൗൺസിലിംഗ് വ്യായാമം ഉൾപ്പെടുത്തിയുള്ള ജീവിതശൈലീ ക്രമീകരണം എന്നിവ  ചേർന്ന സമഗ്രമായ പരിചരണമാണ് ആശുപത്രി അധികൃതർ ലഭ്യമാക്കിയിരിക്കുന്നത്.

കുട്ടിക്കാലത്തെ ആരോഗ്യകരമായ ജീവിതശൈലിയാണ് ഭാവിയിലെ ആരോഗ്യമുള്ള ഒരു തലമുറയുടെ അടിത്തറ എന്നതിനാൽ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്തി ശാസ്ത്രീയമായി പ്രതിരോധിക്കാൻ സാധിക്കും എന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നന്ദകുമാർ എം.കെ പറഞ്ഞു. കൂടാതെ മേഖലയിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ പ്രാദേശികമായി തന്നെ ലഭ്യമാക്കുക എന്ന ആശുപത്രിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ആരോഗ്യപരിപാലന രംഗത്തെ അനിവാര്യമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് പ്രാധിനിത്യം നൽകുന്നതെന്ന് കണ്ണൂർ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ പീഡിയാട്രിക് വിഭാഗം ഡോ. കിരൺ, ഡോ. വീണാകുമാരി, ഡോ. അമൃതാ, എൻഡോക്രൈനോളജി വിഭാഗം ഡോ. അർജുൻ, നിയോനേറ്റോളജി വിഭാഗം ഡോ. ശ്രീകാന്ത് .സി. നായർ എന്നിവർ സംബന്ധിച്ചു. മികച്ച ചികിത്സയ്‌ക്കൊപ്പം തന്നെ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള ദൗത്യം ആശുപത്രി തുടരുമെന്ന് മാനേജ്‌മെന്റ് അധികൃതർ വ്യക്തമാക്കി.

Tags