വെളിമാനത്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂൾ അധ്യാപകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

velimanam student death
velimanam student death

കണ്ണൂര്‍: ഇരിട്ടി വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തുകയും വിവിധ സംഘടനകള്‍ പ്രതിഷേധമാരംഭിക്കുകയും ചെയ്തതോടെ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആരോമല്‍ സുരേഷാണ് കഴിഞ്ഞ നാലിന്  മരിച്ചത്. ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിനെ തുടര്‍ന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആരോമലിനെ കണ്ടെത്തുന്നത്.പരാതിയില്‍ പറയുന്നതിങ്ങനെ. 'തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച് കൈമാറുന്നതിനിടയില്‍ കൈ തട്ടി ക്ലാസ് മുറിയുടെ ജനല്‍ചില്ല് പൊട്ടി. തുടര്‍ന്ന് 300 രൂപ പിഴയടക്കാന്‍ കുട്ടികളോട് ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടു.

velimanam student death
 
പിറ്റേദിവസം സ്‌കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. ചില്ല് പൊട്ടിയതില്‍ ആരോമലിനെ അധ്യാപകര്‍ വീണ്ടും ചോദ്യം ചെയ്‌തെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ്' രക്ഷിതാക്കളുടെ പരാതി. അതേസമയം സ്‌കൂളിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസ്. ആരോമലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജനസംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും പൊലിസ് അന്വേഷണം ശക്തമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Tags