ഏഴു നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിനൊരുങ്ങി അണ്ടലൂർ ദേശവാസികൾ


കണ്ണൂർ: ഏഴു നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിനായി അണ്ടലൂർക്കാവൊരുങ്ങി, ഒപ്പം ദേശവാസികളും. 13 മുതൽ 19 വരെ (കുംഭം ഒന്ന് മുതൽ ഏഴുവരെ)യാണ് ഉത്സവം. ഉത്സവം തുടങ്ങിയാൽ ധർമടം പഞ്ചായത്തിലെ അണ്ടലൂർ, മേലൂർ, ധർമടം, പാലയാട് ദേശക്കാർക്ക് രാവെന്നോ പകലെന്നോയില്ല. ഒരേ മനസ്സോടെ ഏതുനേരവും ക്ഷേത്രത്തിലേക്ക് കൂട്ടമായും തനിച്ചും അവർ സഞ്ചരിച്ചുകൊണ്ടേയിരിക്കും.
തെയ്യക്കോലങ്ങളുടെ അപൂർവതകൊണ്ടും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ചടങ്ങുകളുടെ പേര് പോലും. തേങ്ങതാക്കൽ, ചക്കകൊത്തൽ, കുളുത്താറ്റൽ, മെയ്യാലുകൂടൽ, തടവ് പൊളിച്ചുപ്പാച്ചൽ, നിരക്കിപ്പാച്ചൽ, തറമ്മൽതിക്ക്, കുഴച്ചൂൺ തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളുണ്ട്. കുംഭം ഒന്നുമുതൽ ഏഴുവരെയാണ് പ്രധാന ഉത്സവദിനങ്ങൾ. കുംഭം രണ്ടിന് ക്ഷേത്രത്തിൽ ചക്കകൊത്തൽ ചടങ്ങ് കഴിഞ്ഞേ ഗ്രാമവാസികൾ ചക്ക കഴിക്കൂ. ആദ്യഫലം ദേവന് സമർപ്പിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.

ഉത്സവം രാമായണകഥ ഇതിവൃത്തമാവുന്ന തെയ്യാട്ടങ്ങളാണ്. പ്രധാന ആരാധനാമൂർത്തി ദൈവത്താർ (ശ്രീരാമൻ) ആണ്. അങ്കക്കാരൻ (ലക്ഷ്മണൻ), ബപ്പൂരാൻ (ഹനുമാൻ), അതിരാളവും മക്കളും (സീതയും ലവകുശന്മാരും) എന്നിവയും കെട്ടിയാടുന്നു. രാമായണകഥയുമായി ബന്ധമില്ലാത്ത മലക്കാരി, പൊൻമകൻ, പുതുച്ചേകവൻ, വേട്ടയ്ക്കൊരുമകൻ, തൂവക്കാലി, നാക്കണ്ഠൻ (നാഗകണ്ഠൻ), നാപ്പോതി (നാഗഭഗവതി) തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.
ഉത്സവത്തിന്റെ മൂന്നാംദിനം രാത്രി വൈകി മേലൂർ മണലിൽനിന്ന് കുടവരവ് നടക്കും. ഈ ഓലക്കുട ക്ഷേത്രത്തിലെത്തിയാലാണ് തെയ്യാട്ടങ്ങൾക്ക് തുടക്കമാവുക. കുംഭം നാലിന് ഉച്ചയ്ക്ക് ഒരുമണിയോടെ ക്ഷേത്രമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം നടക്കും. ഉത്സവത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ് ഇത്. വൈകീട്ട് മെയ്യാലുകൂടൽ, തർമൽ കയറൽ, തുടർന്ന് ദൈവത്താർ പൊൻമുടിയണിയും. ഇതോടെ സഹചാരികളായ അങ്കക്കാരനും ബപ്പൂരാനും തിരുമുടിയണിയും. രാത്രി താഴേക്കാവിലേക്ക് എഴുന്നള്ളത്ത്. താഴേക്കാവിലെ ചടങ്ങുകൾക്കുശേഷം മേലെക്കാവിലേക്ക് തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും.
ഉത്സവനാളുകളിൽ അവലും മലരും അണ്ടലൂരിലെ വീടുകളിലെത്തുന്ന ബന്ധുക്കൾക്കും ദൂരദേശക്കാർക്കും നൽകി സൽക്കരിക്കും. ഉത്സവത്തിന് മുൻപേ മത്സ്യ മാംസാദികൾ ദേശവാസികൾ ഉപേക്ഷിച്ചു വ്രതം അനുഷ്ഠിക്കും. വിദേശങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ധർമ്മടം നിവാസികൾ ഉത്സവത്തിനായി കുടുംബ സമേതം അവരുടെ വീടുകളിലെത്തും.