സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ വിജയൻ കൂടാളിക്ക് നാടിൻ്റെ അന്ത്യാഞ്ജലി

The nation pays tribute to Vijayan Koodali, a prominent figure in the cultural scene.

കൂടാളി : കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകനായ പി. വിജയൻ കൂടാളിക്ക് (66) നാടിൻ്റെ അന്ത്യാഞ്ജലി. അദ്ദേഹം ഏറെക്കാലം പ്രസിഡൻ്റായി പ്രവർത്തിച്ച കൂടാളി പൊതുജന വായനശാല ആൻഡ് ഗ്രന്‌ഥാലയം അങ്കണത്തിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനത്തിന് വെച്ചു സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. ഇതിനോടൊപ്പം വായനശാലയിൽ സർവ കക്ഷി അനുശോചന യോഗം നടന്നു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ. സജീവൻ അദ്ധ്യക്ഷനായി.

പുക സ സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ , ചൂര്യായി ചന്ദ്രൻ മാസ്റ്റർ, പി പി നൗഫൽ, കെ എം വിജയൻ, സി എച്ച് വത്സലൻ , ജിതിൻ വി, സി. രാമകൃഷ്‌ണൻ, സി മോഹനൻ,പങ്കൻ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വസതിയിൽ പൊതുദർശനത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കാരം നടത്തി.
 കണ്ണൂർ ജില്ലയിലെ സാമൂഹിക  സാംസ്കാരിക  രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിജയൻ കൂടാളി. അദ്ദേഹത്തിൻ്റെ വിയോഗം പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടമാണുണ്ടാക്കിയത്. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് മരണമടയുന്നത്.


കെ എസ് വൈ എഫ് കൂടാളി വില്ലേജ് പ്രസിഡൻ്റ്,  ഡിവൈഎഫ്ഐ കൂടാളി വില്ലേജ് പ്രസിഡൻ്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി ,മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ, പു ക സ മുൻസംസ്ഥാന സമിതി അംഗം,  ദേശാഭിമാനി ഏജൻ്റ് , കൂടാളി ആർട്സ് കോളേജ് അധ്യാപകൻ,  കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി , കൂടാളി വായനശാല പ്രസിഡൻ്റ്,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ എം.എൻ വിജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകനാണ്. ഗീതയാണ് ഭാര്യ . മക്കൾ :അനൂപ് (അസി.എഞ്ചിനീയർ,  ആയി ക്കര ഹാർബർ )ഡോ: ആതിര  'മരുമക്കൾ: ഹർഷ് ( കതിരൂർ) അനുഷ (ഏറണാകുളം).

Tags