മലബാറിൽ ആദ്യമായി അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പി വിജയകരമായി പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മെഡിക്കൽ സംഘം; അപൂർവ ചികിത്സയിലൂടെ വടകര സ്വദേശിക്ക് പുതുജീവൻ

The medical team of the Gastroenterology Department at Aster MIMS, Kannur successfully completed the first state-of-the-art endoscopic vacuum therapy in Malabar.

കണ്ണൂർ: അന്നനാളിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം സങ്കീർണ്ണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കൽ സംഘം. വീണ്ടും ശസ്ത്രക്രിയ നടത്താതെ അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പിയിലൂടെയാണ് വടകര ഇരിങ്ങൽ സ്വദേശിയായ രോഗിയെ വിജയകരമായി ചികിത്സിച്ചത്. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തിൽ മലബാറിൽ ആദ്യമായാണ് ഈ സങ്കീർണ്ണ എൻഡോസ്കോപ്പിക് ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നത്.

അന്നനാളിലെ അർബുദത്തെ തുടർന്ന് രോഗി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ അന്നനാളിലെ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ച ഭാഗത്ത് ഗുരുതരമായ ചോർച്ച രൂപപ്പെട്ടു. ഇതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ചോർച്ച ആവർത്തിച്ചു. രോഗിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസിലേക്ക് എത്തിച്ചത്.

വീണ്ടുമൊരു വലിയ ശസ്ത്രക്രിയ ഒഴിവാക്കി ചോർച്ച പരിഹരിക്കുന്നതിനായാണ് എൻഡോസ്കോപ്പിക് വാക്വം തെറാപ്പി നടത്താൻ തീരുമാനിച്ചത്. എൻഡോസ്കോപ്പിന്റെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ വാക്വം സ്പോഞ്ച് ചോർച്ചയുള്ള ഭാഗത്ത് കൃത്യമായി സ്ഥാപിക്കുകയും നിയന്ത്രിതമായ വാക്വം സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ചോർച്ചയുള്ള ഭാഗത്തെ സ്രവങ്ങൾ തുടർച്ചയായി നീക്കം ചെയ്യുന്നതിനൊപ്പം മുറിവ് ഉണങ്ങാനും ആരോഗ്യകരമായ പുതിയ കോശങ്ങൾ രൂപപ്പെടാനും സാഹചര്യമൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചികിത്സയിലൂടെ ചോർച്ച ക്രമേണ അടയുകയും മുറിവ് പൂർണമായി ഉണങ്ങുകയും ചെയ്തു. തുടർന്ന് രോഗിക്ക് വായിലൂടെ ഭക്ഷണം കഴിക്കാൻ ആരംഭിക്കാനായി. നിലവിൽ രോഗി സാധാരണ ഭക്ഷണം കഴിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. ജസീം അൻസാരിയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പിക് ചികിത്സ നടത്തിയത്. അന്നനാളിലെ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടാകുന്ന ഇത്തരം ഗുരുതരമായ ചോർച്ചകൾ ചികിത്സിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും, എൻഡോസ്കോപ്പിക് വാക്വം തെറാപ്പി പോലുള്ള നൂതന ചികിത്സാരീതികൾ ഇത്തരം സങ്കീർണ്ണ സാഹചര്യങ്ങളിൽ ഏറെ പ്രയോജനകരമാണെന്നും ഡോ. ജസീം അൻസാരി പറഞ്ഞു.

“കണ്ണൂർ ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് എൻഡോസ്കോപ്പിയിൽ പ്രത്യേക വൈദഗ്ധ്യമുള്ള മെഡിക്കൽ സംഘവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ലഭ്യമാണ്. സങ്കീർണ്ണമായ ദഹനനാള രോഗങ്ങളും ശസ്ത്രക്രിയാനന്തര സങ്കീർണതകളും ഉൾപ്പെടെ വിവിധ രോഗാവസ്ഥകൾ നൂതന എൻഡോസ്കോപ്പിക് ചികിത്സാരീതികളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാണ്. എൻഡോസ്കോപ്പിക് വാക്വം തെറാപ്പി പോലുള്ള അത്യാധുനിക ചികിത്സകൾ മലബാറിലെ രോഗികൾക്ക് ഇവിടെത്തന്നെ ലഭ്യമാക്കാൻ കഴിയുന്നത് ഏറെ പ്രാധാന്യമുള്ളതാണ്,” ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. സാബു കെ.ജി. പറഞ്ഞു.

സങ്കീർണ്ണമായ രോഗാവസ്ഥകളിൽ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച ചികിത്സ നൽകാൻ വിദഗ്ധ സംഘത്തിന് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.

Tags