നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം; ലെൻസ്ഫെഡ് ഏരിയാ കൺവെൻഷൻ മാങ്ങാട് ലക്സോട്ടിക്കാ കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്നു
തളിപ്പറമ്പ്: നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ലെൻസ്ഫെഡ് തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. മാങ്ങാട് ലക്സോട്ടിക്കാ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാവിലെ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ വി. സതീദേവി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പ്രസീജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചാർജർ കെ. കമലാക്ഷൻ, ജില്ലാ ചാർജർ പി.പി. കിഷോർ കുമാർ എന്നിവർ ആശംസകൾ നേർന്നു. ഏരിയാ വൈസ് പ്രസിഡന്റ് അജോമോൻ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി.എസ്. ബിജുമോൻ സ്വാഗതവും ട്രഷറർ രമേശൻ ഒ.ടി. നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് എ.സി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി. ശശീന്ദ്രൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പി.എസ്. ബിജുമോൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ രമേശൻ ഒ.ടി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ ക്ഷേമനിധി റിപ്പോർട്ട് പി.വി. അനിൽകുമാറും, ജില്ലാ സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി എം.പി. സുബ്രഹ്മണ്യനും, ജില്ലാ ക്ഷേമനിധി റിപ്പോർട്ട് ട്രഷറർ പോള ചന്ദ്രനും, സംസ്ഥാന ക്ഷേമനിധി റിപ്പോർട്ട് സ്‌റ്റാറ്റ്യൂട്ടറി ബോർഡ് മെമ്പർ ജഗത് പ്യാരി വി.സി.യും അവതരിപ്പിച്ചു. റിപ്പോർട്ടുകളിൽ നടന്ന ചർച്ചകൾക്ക് ശേഷം കൺവെൻഷൻ ഇവ അംഗീകരിച്ചു.
നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ജില്ലാതല സംവിധാനം നടപ്പിലാക്കുക, നിർമ്മാണ വസ്തുക്കളുടെ വില ജില്ലാതലത്തിൽ ഏകീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയം ആലക്കോട് യൂണിറ്റ് അംഗം സി.സി. മായ അവതരിപ്പിക്കുകയും കൺവെൻഷൻ അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി രജീഷ് മാത്യു എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പ്രതീഷ് സി.എൻ. നന്ദി രേഖപ്പെടുത്തിയ സമ്മേളനം വൈകിട്ട് നാലുമണിയോടെ സമാപിച്ചു.
.jpg)

