മരവടികൊണ്ട് മകൻ്റെ അടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു
പയ്യന്നൂർ: മകൻ മരവടി കൊണ്ട് തലയ്ക്ക് അടിച്ചതിനെത്തുടർന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ ഐ. ഐസക്കാണ്(75) മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ്( 48)മരവടികൊണ്ട് ഐസക്കിന്റെ തലക്കടിച്ചത്.
തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിനാണ് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഡിസംബര്‍ 11 ന് പരിയാരം പോലീസ് മകന്‍ സന്തോഷിന്റെ പേരില്‍ വധശ്രമക്കേസ് എടുത്തിരുന്നു.
അറസ്റ്റിലായ സന്തോഷ് ഇപ്പോഴും ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്. തലച്ചോറില്‍ രക്തസ്രാവം ബാധിച്ച് ഒരുമാസത്തിലേറെ ചികില്‍സയില്‍ കഴിഞ്ഞ ഐസക്ക് രണ്ടാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ: എല്‍സി(മറിയാമ്മ) മുരിങ്ങോത്ത്. മക്കള്‍: സന്തോഷ് ഐസക്, സീമ ഐസക്. മരുമക്കള്‍: ജോഷി ( അരവഞ്ചാല്‍), അനു എടക്കോം.