കണ്ണൂരിലെ സിപിഎം നേതാവിന്റെ പരോൾ നീട്ടിയ നടപടി അടിയന്തിരമായി റദ്ദ് ചെയ്യണം : കെ കെ വിനോദ് കുമാർ

The extension of the parole of the CPM leader in Kannur should be cancelled immediately KK Vinod Kumar

കണ്ണൂർ : സിപിഎം പയ്യന്നൂർ ഏരിയാ കമ്മറ്റി അംഗം സി കെ നിഷാദിന് വഴിവിട്ടു പരോൾ നൽകിയ  നടപടി അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ സംഭവം നേരത്തെ തന്നെ ബിജെപി പൊതുജന സമക്ഷം ഉന്നയിച്ചതാണ്. ശിക്ഷിക്കപ്പെട്ടു ഒരു മാസം മാത്രം തികയുമ്പോളാണ് പച്ച കള്ളം പറഞ്ഞുകൊണ്ട് പരോൾ നേടിയത്. ഡിസംബർ 26 നാണ് പരോൾ അനുവദിച്ചത്. അതിനു മൂന്ന് ആഴ്ചകൾക്ക് മുൻപ് തന്നെ അദ്ദേഹത്തിന്റെ അച്ഛന്റെ കൽമുട്ട് ശാസ്ത്രക്രിയ കഴിഞ്ഞിരുന്നു.

tRootC1469263">

ഇത് മറച്ചുവെച്ചുകൊണ്ട് അച്ഛന് ശാസ്ത്രക്രിയ യാണെന്ന് പറഞ്ഞു പരോൾ നേടാൻ നൽകിയ കള്ള മൊഴിക്ക് കൂട്ട് നിൽക്കുകയായിരുന്നു പയ്യന്നൂർ സർക്കിൽ ഇൻസ്പെക്ടറും കണ്ണൂർ റൂറൽ എസ് പി യും. ഇവർ നൽകിയ ശുപാർശയിലാണ് ജയിൽ ഡി ജി പി നിഷാദിന് പരോൾ നൽകിയത്. പച്ചക്കള്ളം പറഞ്ഞു നേടിയ 6 ദിവസത്തെ പരോൾ ഇപ്പോൾ 9 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. നിയമങ്ങളെ ലംഘിച്ചു കൊണ്ട് സിപിഎം കാർക്ക് എങ്ങിനെ വേണമെങ്കിലും പ്രവർത്തിക്കാം എന്നതാണ് ഇവിടെ വെളിവാകുന്നത്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഇരുപത് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഒന്നര വർഷത്തിന് ശേഷം മാത്രമേ പരോളിനായി പരിഗണിക്കാൻ പോലും പാടുള്ളൂ, എങ്കിലും എമർജൻസി എന്ന് പറഞ്ഞു അടിസ്ഥാന രഹിതമായ വസ്തുതകൾ നിരത്തിയാണ് നിഷാദ് പരോൾ നേടിയെടുത്തത്.  സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ ഉള്ള ശ്രമത്തിലാണ് സി കെ നിഷാദ്. ജീവന് ഭീഷണിയുള്ള സാക്ഷികൾ പിന്തിരിയുമെന്നാണ് ഇദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ. ഇത് മുൻകൂട്ടി കണ്ടാണ് പരോളിനെതിരെ ബിജെപി രംഗത്തുവന്നത്. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു സിപിഎം നിലപാട് അതിനു കൂട്ട് നിൽക്കുന്ന ഭരണകൂടവും ജയിൽ വകുപ്പും ഇത് തിരുത്താൻ തയ്യാറായി എത്രയും പെട്ടെന്ന് പരോൾ റദ്ദു ചെയ്യണമെന്നു കെ.കെ വിനോദ്കുമാർ ആവശ്യപ്പെട്ടു.

Tags