തരൂരിന് പിന്നാലെ മണി ശങ്കർ അയ്യരും പിണറായി സർക്കാരിനെ പുകഴ്ത്തിയത് കോൺഗ്രസിനെ വെട്ടിലാക്കുന്നു


കണ്ണൂർ: ശശി തരൂരിന് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി മുൻ കേന്ദ്ര മന്ത്രി മണിശങ്കയ്യരും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം, എന്നിവ സംയുക്തമായി നടത്തിയ അധികാര വികേന്ദ്രികരണവും തദ്ദേശ ഭരണവുമെന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാൻ അയ്യർ ഡൽഹിയിൽ നിന്നുമെത്തിയത്. കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന നടത്തിപ്പിൽ മാതൃകയാണെന്നും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം സെമിനാറിൽ നടത്തിയ പ്രസംഗത്തിനിടെ അനുസ്മരിച്ചു.
കെ.പി.സി.സിയും കോൺഗ്രസ് ജില്ലാ ഘടകവുംസഹകരിക്കാതെ വിട്ടു നിന്ന സി.പി.എം പരിപാടിയിൽ ഉന്നത കോൺഗ്രസ് നേതാവ് തന്നെ ഡൽഹിയിൽ നിന്നെത്തിയത് വിവാദമായിരുക്കുകയാണ്. സെമിനാറിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അര ലക്ഷം രൂപ വീതം നിർബന്ധ പിരിവ് നടത്തുന്നതിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. ഇതിനിടെ സെമിനാറിൽ പങ്കെടുത്തവരിൽ നാലിൽ ഒന്നു പേർ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്നാണെന്ന് മുഖ്യ സംഘാടകരിലൊരാളായ എം.വി ജയരാജൻ പറഞ്ഞു.
