തളിപ്പറമ്പിന്റെ വ്യാപാര ഹൃദയത്തെ അഗ്നി വിഴുങ്ങിയപ്പോൾ നഷ്ടമായത് വ്യാപാര സ്ഥാപനം മാത്രമല്ല ; നിരവധി ഭിന്നശേഷിക്കാരുടെ സ്വപ്നമാണ്
തളിപ്പറമ്പ് : അപ്രതീക്ഷിതമായി വന്ന തീ തളിപ്പറമ്പിന്റെ വ്യാപാര ഹൃദയം വിഴുങ്ങിയപ്പോൾ തകർന്നത് സ്വപ്നം പോലും കാണാൻ കഴിയാത്തിടത്തു നിന്നും ഉയർന്നുവന്ന കുറച്ചു മനുഷ്യർ കൂടിയായിരുന്നു. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് എറിയപ്പെട്ടവർക്ക് കൈതാങ്ങായ സ്ഥാപനമായ ഷാലിമാറാണ് വ്യാഴാഴ്ച വൈകീട്ടോടെ പൂർണമായും കത്തിയമർന്നത്. ഷാലിമാർ തീയിൽ വെന്തുരുകിയപ്പോൾ അനാഥരാക്കപ്പെട്ടത് 16-ഓളം ഭിന്നശേഷിക്കാരായ ജോലിക്കാർ കൂടിയാണ്. തളിപ്പറമ്പിന്റെ ചരിത്രത്തിലെ ഏറ്റവും ആദരണീയവും ശ്രദ്ധേയവുമായ ചുവടുവെപ്പിന് തുടക്കം കുറിച്ചത് ഷാലിമാർ ഉടമയായ എം.പി സലാമായിരുന്നു.
tRootC1469263">
നാട്ടുകാരുടെ സലാംക്ക ആണ് ആരും ധൈര്യപ്പെടാത്ത പദ്ധതിക്ക് രൂപം നൽകിയത്. ഭിന്നശേഷിക്കാരായ ആളുകൾക്ക് ജോലി നൽകുകയെന്നതായിരുന്നു അത്. അവരുടെ ശേഷി പരിഗണിക്കാതെ സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയുന്ന തൊഴിലിൽ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. സലാമിന്റെ അകാല മരണത്തെതുടർന്ന് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത സഹോദരങ്ങളായ സർസയ്യിദ് കോളേജിന് സമീപത്തെ മൊയ്തീനും മുഹമ്മദ് ബഷീറും സലാമിന്റെ മകൻ സി.പി ഷമലും അതേ പാത പിന്തുടർന്നതോടെ ഒരുപറ്റം ഭിന്നശേഷിക്കാരായ യുവാക്കൾക്ക് ജീവിതത്തിന്റെ ആകാശത്തേക്ക് ചിറകുവിരിക്കാൻ അവസരം ലഭിക്കുകയായിരുന്നു.

ഭിന്നശേഷിക്കാരായ ഈ ജീവനക്കാരുടെ വരുമാനം നിരവധി കുടുംബങ്ങളുടെ അന്നമാണ്. അതിനാൽ ഷാലിമാറിനെ തീ നാളങ്ങൾ വിഴുങ്ങിയതോടെ കുടുംബങ്ങൾ ആശങ്കയിലാണ്. പല രക്ഷിതാക്കളും മൊയ്തീനെയും മുഹമ്മദ് ബഷീറിനെയും വിളിച്ച് സങ്കടക്കെട്ടഴിച്ചു. ആയുസിലെ സ്വപ്നം കത്തിയമർന്നതിന്റെ വേദന ഉള്ളിലൊതുക്കി വരുമാനം നഷ്ടപ്പെടില്ലെന്ന് ഉറപ്പ് നൽകുകയാണ് ഇരുവരും. കീഴാറ്റൂർ റോഡിലെ പുതിയ സ്ഥാപനത്തിലുൾപ്പെടെ പകരം ജോലി നൽകാനാണ് ഷാലിമാർ അധികൃതർ ശ്രമിക്കുന്നത്.

ഞാറ്റുവയലിലെ പി.ബദറുദീൻ 40 വർഷത്തോളമായി ഷാലി മാറിന്റെ സന്തതസഹചാരിയാണ്. സ്ഥാപനത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സർവീസ് വിഭാഗത്തിന്റെ മേൽനോട്ടം ബദറുദീനായിരുന്നു. 1986 മുതലുള്ള വരുമാന മാർഗമാണ് ബദറുദീന് ഷാലിമാർ. 24 മുറികളിലായാണ് മൂന്ന് നില കെട്ടിടത്തിൽ ഷാലിമാർ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ പുക വ്യാപിക്കാൻ തുടങ്ങിയതോടെ തന്നെ ജീവനക്കാരെയും ഉപഭോക്താക്കളെയും സ്ഥാപനത്തിൽ നിന്ന് മാറ്റിയിരുന്നു. ബാഗും ഫോണും ഉൾപ്പെടെ ഉപേക്ഷിച്ചാണ് ഇവർ ജീവനും കൊണ്ട് ഇറങ്ങിയോടിയത്. പത്ത് മിനിറ്റ് മുമ്പ് എത്തിച്ച് പുതിയ സ്റ്റോക്കുൾപ്പെടെ സ്ഥാപനം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
.jpg)

