എവറസ്റ്റ് സാഹസിക യാത്രയ്ക്കിടെ തലശേരി സ്വദേശിയായ വ്ളോഗർ നേപ്പാളിലെ ബെയ്സ് ക്യാംപിൽ മരിച്ചു
കണ്ണൂർ:എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള സാഹസിക യാത്രയ്ക്കിടെ തലശേരി സ്വദേശിയായ വ്ളോഗർക്ക് നേപ്പാളിൽ ദാരുണാന്ത്യം. തലശേരി എരഞ്ഞോളി ചുങ്കം അംഗൺ വാടിക്ക് സമീപം കെ വി അഞ്ജുനാഥ് കാവിങ്ങൽ വളപ്പിലാണ് (31)മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഏഴിനാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രാവൽ വിത്ത് അഞ്ജുനാഥ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ യാത്രാവിവരങ്ങൾ പങ്കുവെച്ചിരുന്ന അഞ്ജുനാഥ്, എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണപ്പെട്ടത്.
അന്നപൂർണ ബേസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങളും വിവിധ മലനിരകളുടെ മനോഹരമായ കാഴ്ചകളും അദ്ദേഹം പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 5,164 മീറ്റർ ഉയരത്തിലുള്ള ഗൊരക്ഷേപ്പിലാണ് അഞ്ജുനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉയർന്ന പ്രദേശങ്ങളിൽ എത്തുമ്പോൾ അന്തരീക്ഷമർദ്ദവും ഓക്സിജന്റെ അളവും കുറയുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതയായ 'അക്യൂട്ട് മൗണ്ടൻ സിക്ക്‌നസ്' (Acute Mountain Sickness) ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി നേപ്പാൾ സർകാരുമായി ബന്ധപ്പെട്ട് നടത്തിവരികയാണ്. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നാണ് ഗൊരക്ഷേപ്. കഴിഞ്ഞ വർഷം അന്നപൂർണ ബേസ് ക്യാമ്പ് ട്രെക്കിംഗ് വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് ക്യാമ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ബന്ധുക്കൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
.jpg)

