തലശ്ശേരി മണ്ണോളിക്കാവ് സംഘർഷത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്.ഐമാരെ സ്ഥലം മാറ്റി


തലശേരി : ഇല്ലത്ത് താഴെ മണോണിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ഭാഗമായി പൊലിസിൻ്റെ കൃത്യനിർവഹണം തടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാർക്കെതിരെ കേസെടുത്ത പൊലിസ് ഉദ്യോഗസ്ഥൻമാരെ ആഭ്യന്തര വകുപ്പ് സ്ഥലം മാറ്റി.
തലശേരി ടൗൺഎസ്.ഐമാരായ ടി.കെ അഖിൽ. വി. വിദീപ്തി എന്നിവരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. ദീപ്തിയെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലേക്കും അഖിലിനെ കൊളവല്ലൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. പകരം കണ്ണൂർ ടൗൺ എസ്.ഐ പി.പി ഷമീലിനെയും കൊളവല്ലൂർ എസ്.ഐ.പി. വി പ്രശോഭിനെയും തലശേരിയിൽ നിയമിച്ചു.
മയ്യിൽ എസ്. ഐ പ്രശോഭിനെ ന്യു മാഹിയിലും സൈബർ എസ് ഐ സജേഷ് സി. ജോസിനെ ചക്കരക്കല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു തലശേരി മണോളി കാവിൽ ഉത്സവ സ്ഥലത്ത് സംഘർഷമുണ്ടായത്. കാവിലെ എഴുന്നെള്ളിപ്പിനിടെ സി.പി.എം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ തലശേരി ടൗൺഎസ് ഐ ടി.കെ അഖിലും സംഘവുമായി സി.പി.എം പ്രവർത്തകർ ഉന്തുംതള്ളുമുണ്ടാക്കി. സി.പി.എം പ്രവർത്തകരെ തൊട്ടുകളിക്കുന്ന ഒരുത്തനും തലശേരി സ്റ്റേഷനിലുണ്ടാവില്ലെന്ന് സി.പി.എം പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേ ദിവസം ഈ കേസിലെ പ്രതികളെ അറസ്റ്റുചെയ്യുന്നതിനാണ് വി.വി ദീപ്തിയും സംഘവുമെത്തിയത്.

പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയും സി.പി.എം പ്രവർത്തകനുമായ ലിപി നെ ബലപ്രയോഗത്തിലൂടെ വാഹനത്തിൽ കയറ്റുന്നതിനിടെ സി.പി.എം പ്രവർത്തകർ റോഡിലേക്കുള്ള ഗേറ്റ് അടച്ചു വാഹനം കടത്തിവിടാതെ ലിപി നെ മോചിപ്പിച്ചു. ഈ സംഭവത്തിൽ 80 പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ ഓരോരുത്തരെയായി പിടി കൂടുന്നതിനിടെയാണ് സ്ഥലമാറ്റത്തിൽ തലശേരിയിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടത്.