തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേള ; മേളയുടെ മനം കവർന്ന് തമിഴ് ചിത്രം അങ്കമ്മാൾ
തലശ്ശേരി : തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം പ്രേക്ഷകരുടെ മനം കവർന്ന് തമിഴ് ചിത്രം അങ്കമ്മാൾ. മലയാളിയായ വിപിൻ രാധാകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ കോടിത്തുണി എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സ്വന്തം വ്യക്തിത്വം ആർക്കും മുന്നിലും അടിയറ വെക്കാത്ത കരുത്തയായ, എങ്കിലും ഉള്ളിലൊരു പ്രണയം സൂക്ഷിക്കുന്ന ടൈറ്റിൽ കഥാപാത്രമായ അങ്കമ്മാൾ ആയി ഗീത കൈലാസം നിറഞ്ഞു നിൽക്കുന്നു.
tRootC1469263">മലയടിവാരത്തിലെ തമിഴ് ഗ്രാമത്തിൽ ഉച്ചിമല കാറ്റിന്റെയും ഉച്ചാണിപ്പൂവിന്റെയും സൗരഭ്യവും സുഗന്ധവും സംഗീതവും ദൃശ്യഭംഗിയും നിറച്ച ചിത്രം തിരുനെൽവേലിക്കടുത്ത മലയോര ഗ്രാമത്തിന്റെ സൗന്ദര്യം ആവാഹിച്ചിരിക്കുന്നു.തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ തൊണ്ണൂറുകളിൽ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. നാഗരികവിദ്യാഭ്യാസം നേടിയ ഒരു ചെറുപ്പക്കാരന്, അവന്റെ അമ്മ സാരിക്കൊപ്പം ബ്ലൗസ് ധരിക്കാത്തതിൽ നാണക്കേട് തോന്നുന്നു. പഴയകാല തമിഴ് ഗ്രാമത്തിന്റെ പാരമ്പര്യം പിന്തുടർന്ന് പണ്ടുമുതലേ അങ്കമ്മാൾ സാരിക്കൊപ്പം ബ്ലൗസ് ധരിക്കാറില്ല. അവൻ്റെ ഭാവി വധുവിൻ്റെ വീട്ടുകാർ അമ്മയെ കാണാൻ വരുന്നതിന് മുൻപ് ഒരു പരിഹാരം കാണാനാണ് ശ്രമം. എന്നാൽ കുടുംബത്തിലെ ചില നിസ്സാരപ്രശ്നങ്ങൾ കാരണമുണ്ടായ സംഘർഷങ്ങൾക്കൊടുവിൽ അങ്കമ്മാൾ ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കുന്നു.മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ചിത്രം നവംബറിൽ തീയറ്റർ റിലീസിന് ഒരുങ്ങുകയാണ്.
ശരൺ, തെൻഡ്രൽ രഘുനാഥൻ, ഭരണി ജാസ്മിൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. അൻജോയ് സാമുവൽ, ഫിറോഷ് റഹിം എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറയും അൻജോയ് സാമുവൽ ആണ്. എഡിറ്റർ പ്രദീപ് ശങ്കർ, സംഗീതം മുഹമ്മദ് മഖ്ബൂൽ മൻസൂർ. സൗണ്ട് ഡിസൈൻ ലെനിൻ വലപ്പാട്.സിനിമയുടെ പ്രദർശനത്തിനുശേഷം സംവിധായകനും നിർമ്മാതാക്കളും പ്രേക്ഷകരുമായി സംവദിച്ചു.
.jpg)

