ചൂട് കൂടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക്
പറശ്ശിനിക്കടവ് : സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനിടയുണ്ടെന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്ക് അധികൃതർ. മഴക്കാലം, അമിത ചൂട്, രാത്രിയിൽ വെളിച്ചമില്ലാതെ പുറത്തിറങ്ങുന്നത്, കാടുപിടിച്ച പറമ്പുകൾ സുരക്ഷാതയ്യാറെടുപ്പുകൾ ഇല്ലാതെ കിടന്നുരങ്ങുന്നത് തുടങ്ങിയ സാഹചര്യങ്ങളിലാണ് പാമ്പുകടിയുടെ സാധ്യത കൂടുതലായി കാണുന്നത്. നിലവിൽ കേരളത്തിൽ ഉയർന്ന താപനിലയും ഉഷ്ണതരംഗ മുന്നറിയിപ്പുകളും നിലനിൽക്കുന്നതിനാൽ ജാഗ്രത അനിവാര്യമെന്നും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
ശീതരക്ത ജീവികളായ പാമ്പുകൾക്ക് ശരീര താപനില നിയന്ത്രിക്കാൻ കഴിയാത്തതിനാൽ, ചൂട് കൂടുമ്പോൾ അവ തണലും വെള്ളവും തേടി മനുഷ്യവാസ പ്രദേശങ്ങളിലേക്ക് എത്തുന്നു. ഇതാണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ പാമ്പുകളെ കാണാനുള്ള സാധ്യത വർധിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ മനുഷ്യർക്കുണ്ടാകുന്ന ഗുരുതര പാമ്പുകടികളിൽ ഭൂരിഭാഗത്തിനും കാരണമാകുന്ന നാല് പ്രധാന വിഷപ്പാമ്പുകലെയാണ് “ബിഗ് ഫോർ” എന്ന് വിളിക്കുന്നത്.
ഇന്ത്യൻ കോബ്ര (മൂർഖൻ)
കോമൺ ക്രൈറ്റ് (ശംഖുവരയൻ/വെള്ളി കെട്ടൻ)
റസ്സൽസ് വൈപ്പർ (അണലി)
സോ-സ്കെയിൽഡ് വൈപ്പർ (മണ്ഡലി)
മൂർഖനും ശംഖുവരയനും നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷമുള്ളവയാണ്. കണ്ണ് മൂടൽ, സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്, പക്ഷാഘാതം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. അണലിയും മണ്ഡലിയും രക്തത്തെ ബാധിക്കുന്ന വിഷമുള്ളവയാകുന്നതിനാൽ കടിയേറ്റ ഭാഗത്ത് കഠിന വേദന, വീക്കം, രക്തസ്രാവം, വൃക്ക പ്രവർത്തനക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
വേനൽകാലത്ത് പാമ്പുകടി വർധിക്കുന്നതിന് കാരണങ്ങൾ
ചൂട് കൂടുന്നതോടെ തണലും വെള്ളവും തേടി പാമ്പുകൾ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്, ജല സ്രോതസ്സുകളുടെ കുറവ്, കൃഷി, തോട്ടപ്പണി പോലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളുടെ വർധനം,എലി പോലുള്ള ഇരകളുടെ സാന്നിധ്യം എന്നിവയാണ്.
പാമ്പുകടി സംഭവിച്ചാൽ ചെയ്യേണ്ച പ്രധാന കാര്യങ്ങൾ ഇവയാണ്.
പാമ്പ് കടിയേറ്റവരെ സമാശ്വസിപ്പിക്കുക, കടിയേറ്റ ഭാഗം അചലമാക്കുക ( യാതൊരു കാരണവശാലും മുറുകെ കെട്ടുകയോ ടൂർണിക്കേറ്റ് ആ രീതിയിൽ കെട്ടുകയോ അരുത്.)
കഴിയുന്നത്ര വേഗം ആശുപത്രിയിലെത്തിക്കുക (വിഷപാമ്പിന്റെ കടിക്ക് ചികിത്സ AVS മാത്രമാണ്) , കടിയേറ്റ ശേഷം ആശുപത്രിയിൽ എത്തും വരെ രോഗിയിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ഡോക്ടറെ അറിയിക്കുക തുടങ്ങിയവയാണ്.
ചെയ്യരുതാത്ത കാര്യങ്ങൾ
.മുറിവ് മുറിക്കരുത്
.കട്ടിയായി കെട്ടി കെട്ടിവെക്കരുത് (ടൂർണിക്കേറ്റ്)
കണ്ണൂർ ജില്ലയിൽ ആന്റിവിനം ലഭ്യമായ ആശുപത്രികൾ
ജില്ലാ ആശുപത്രി കണ്ണൂർ,
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിയാരം,
എ.കെ.ജി ആശുപത്രി കണ്ണൂർ,
തലശ്ശേരി ജനറൽ ആശുപത്രി,
തളിപ്പറമ്പ, ഇരിട്ടി, പയ്യന്നൂർ താലൂക്ക് ആശുപത്രികൾ
സമയബന്ധിതമായ ചികിത്സ ലഭിച്ചാൽ പാമ്പുകടിയിൽ നിന്ന് ജീവൻ രക്ഷിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വിഷയത്തിൽ ബോധവൽക്കരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
ഹെൽപ് ലൈൻ നമ്പറുകൾ
സ്നേക്ക് പാർക്ക് & സൂ, പറശ്ശിനിക്കടവ്: 9400399000
പാപ്പിനിശ്ശേരി വിഷചികിത്സ കേന്ദ്രം: 7736377783
പറശ്ശിനിക്കടവിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡയറക്ടർ പ്രൊഫ്. ഇ. കുഞ്ഞിരാമൻ, വെറ്ററിനറി ഓഫീസർ ഡോക്ടർ അഞ്ജു മോഹൻ എസ്, ഡോക്ടർ ജെയ്മിത എസ്.ജെ, ഡോക്ടർ ജയദീപ് കെ, ഡോക്ടർ ഷിധിൻ കെ കൃഷ്ണൻ,
ഡോക്ടർ രോഷ്മി എം കെ ക്യൂറേറ്റർ അമൽജിത് എ.ടി, ചീഫ് സൂപ്പർവൈസർ സുധാകരൻ, ടി.വി, ബിയോളജിസ്റ്റ് ആഘോഷ് പി എന്നിവർ പങ്കെടുത്തു.
.jpg)

