സാങ്കേതിക വിദ്യാഭ്യാസം; കോഴ്സുകളിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് മന്ത്രി റോജി എം ജോൺ

Technical Education: Minister Roji M. John says courses will be updated to keep pace with the times.

ധർമ്മശാല :നിർമ്മിത ബുദ്ധി വൻ മുന്നേറ്റമുണ്ടാക്കുന്ന ഈ കാലത്ത് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗം അടിമുടി പരിഷ്‌കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. മാങ്ങാട്ടു പറമ്പിലെകണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്  ലബോറട്ടറി ബ്ലോക്ക് അനക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കോഴ്‌സുകൾക്ക് പകരം കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. എ ഐ സാങ്കേതിക വിദ്യയും ബയോടെക്നോളജിയും റോബോട്ടിക് എഞ്ചിനീയറിങ്ങുമെല്ലാം വലിയ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ക്ലിനിക്കൽ എ ഐ ലോകത്ത് വലിയ ചലനങ്ങളുണ്ടാക്കാൻ പോവുകയാണ്. ഇതിന്റെ സാധ്യതകളെല്ലാം നമ്മുടെ നാടിനും പ്രയോജനപ്പെടുത്താൻ കഴിയണം.

പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്രയും വളർച്ചയുണ്ടായിരുന്നില്ല. പുറം നാടുകളെ ആശ്രയിച്ചാണ് പലരുടെയും ഉന്നത വിദ്യാഭ്യാസം. ഇവർക്കെല്ലാം കേരളത്തിൽ തന്നെ പഠിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഒട്ടനവധി കോഴ്സുകൾ നമ്മുടെ എഞ്ചിനീയറിങ്ങ് കോളേജുകളിലുണ്ട്. ഇവിടങ്ങളിൽ കോഴ്സ് പൂർത്തിയാക്കി പുറം രാജ്യങ്ങളിൽ ഉയർന്ന നിലയിൽ ജോലി നേടിയവരും ധാരാളമുണ്ട്. പുതിയ തലമുറയ്ക്ക് ഈ രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ നൂതന കോഴ്സുകൾ വേണം. ഇതിനായുള്ള നടപടികൾ തുടങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. 
തളിപ്പറമ്പ് എം എൽ എ ടി. കെ. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ രംഗവും കാതലായ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. ദീർഘ വീക്ഷണമുള്ള നേതൃത്വം കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിനും ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് എം. എൽ. എ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ സതീദേവി, വാർഡ് കൗൺസിലർ കെ.പ്രേമരാജൻ, പ്രിൻസിപ്പാൾ ഡോ. വന്ദന ശ്രീധരൻ, പി.ടി എ വൈസ് പ്രസിഡന്റ് ബാബൂട്ടി മാസ്റ്റർ, അലൂമ്നി അസോസിയേഷൻ സെക്രട്ടറി പി. ജിതിൻ , കോളേജ് യൂണിയൻ സെക്രട്ടറി റിതിൻ നാഥ് തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണ പ്രവൃത്തികൾ നിർവ്വഹിച്ച കരാറുകാരായ ടി.പി. പ്രകാശൻ, ടി.പി പ്രവീൺ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
4.33 കോടി രൂപ ചെലവിലാണ് ലാബ്, അനക്സ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

Tags