ദുരന്തമുഖങ്ങളിൽ തുണയേകാൻ ടീം കണ്ണൂർ റെഡി : 'കരുതൽ കണ്ണൂർ' പദ്ധതിയുടെ ആദ്യ യോഗം ചേർന്നു

'Team Kannur' Ready to Provide Aid During Disasters: First Meeting of 'Karuthal Kannur' Initiative Held

 കണ്ണൂർ : ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ജില്ലകളിലെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരത്തുന്ന 'കരുതൽ കണ്ണൂർ' പദ്ധതിയുടെ ആലോചനാ യോഗത്തിന് എത്തിച്ചേർന്ന ജനക്കൂട്ടം കനിവൂറും കണ്ണൂരിന്റെ തെളിവായി. തിങ്കളാഴ്ച്ച വൈകീട്ട് കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ നിറഞ്ഞുകവിഞ്ഞ ആളുകളാണ് എത്തിയത്. 

കരുതൽ കണ്ണൂർ' പദ്ധതി പൂജ്യത്തിൽ നിന്നല്ല തുടങ്ങുന്നതെന്നും ജില്ലക്കകത്തും പുറത്തും ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനകളെയും വ്യക്തികളെയും കോർത്തിണക്കുന്ന  ജില്ലാ ഭരണകൂടത്തിന്റെ ഏകീകൃത പ്ലാറ്റ്ഫോം ആണെന്നും യോഗത്തിൽ അധ്യക്ഷത  വഹിച്ച ജില്ലാ കളക്ടർ പി. വിഷ്‌ണുരാജ് പറഞ്ഞു. "ഒരു സഹായം ആവശ്യമുള്ള വ്യക്തിയ്ക്ക് എത്രയും പെട്ടെന്ന് അത് ലഭ്യമാക്കുകയാണ് ലക്ഷ്യം. സർക്കാർ സംവിധാനത്തെ മാത്രം ആശ്രയിക്കാതെ ജനകീയ ഇടപെടൽ വഴി എത്രയും പെട്ടെന്ന് സഹായം എത്തിക്കാൻ കഴിയണം. ഓരോ മേഖലയിലും ശാസ്ത്രീയ പരിശീലനം/പ്രവീണ്യം നേടിയ സന്നദ്ധ ഭടന്മാരെ അതാത് കാര്യത്തിനായി  വിനിയോഗിക്കും," ജില്ലാ കളക്ടർ വ്യക്തമാക്കി. 

'Team Kannur' Ready to Provide Aid During Disasters: First Meeting of 'Karuthal Kannur' Initiative Held

പെട്ടെന്ന് സഹായമെത്തിക്കൽ, മെച്ചപ്പെട്ട ഏകോപനം, വിഭവങ്ങളുടെ കാര്യക്ഷമമായ  വിനിയോഗം, സഹായ വിതരണത്തിലെ ആവർത്തനം ഒഴിവാക്കൽ, കൂടുതൽ ജനങ്ങളുടെ പങ്കാളിത്തം, എപ്പോഴും സുസജ്ജമായിരിക്കാൻ ജില്ലയെ ഒരുക്കിനിർത്തൽ എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൃത്യമായുള്ള കണക്കും കാര്യങ്ങളും ഏകോപനവും സൂക്ഷിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആയിരിക്കും പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുക. 

ഒരു ദുരന്തസ്ഥലത്തേക്ക് ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ എത്തുക, ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുന്നതിന് പകരം ഇതിനകം ലഭിച്ച വസ്തുക്കൾ തന്നെ വീണ്ടും എത്തിക്കൽ, സ്ഥലം മാറി സാധനങ്ങൾ എത്തിക്കൽ തുടങ്ങിയ സംഗതികൾ എല്ലാം തന്നെ ഏകീകൃത സംവിധാനത്തിലൂടെ തടയാൻ സാധിക്കും. 

കരുതൽ കണ്ണൂർ പദ്ധതി ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം മാത്രമല്ലെന്നും ദുരിതത്തിൽ അകപ്പെട്ട മനുഷ്യന് സഹായം ലഭ്യമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.  യോഗത്തിൽ പങ്കെടുത്തു സംസാരിച്ച എല്ലാവരും പദ്ധതി രൂപീകരണത്തെ അഭിനന്ദിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
 
നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ്, കേന്നന്നൂർ സൈക്കിൾ ക്ലബ്, കണ്ണൂർ ട്രോമ കെയർ സൊസൈറ്റി, ഹോപ്പ് പിലാത്തറ, സിവിൽ ഡിഫെൻസ്, ഐ.ആർ.ഡബ്ലിയു, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, ശാസ്ത്ര, റെഡ് ക്രോസ്, ഐ.ആർ.പി.സി, ജില്ലാ റെസിഡൻസ്  അസോസിയേഷൻ, ക്ലീൻ ഗ്രീൻ പാലയാട് തുടങ്ങി 20 ഓളം സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗ് എന്നിവരും സംബന്ധിച്ചു.

Tags