വ്യാപാരികളെ വിശ്വസിപ്പിച്ച് തട്ടിപ്പ്: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ


പാലക്കാട്: പുതുശേരി കൂട്ടുപാതയിൽ പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിൽ വ്യാപാരികളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. ഉക്കടം ജി.എം നഗർ സ്വദേശി സയ്യിദ് ഇബ്രാഹിം (45) നെയാണ് പാലക്കാട് കസബ പോലീസ് പിടി കൂടിയത്. ഓൺലൈൻ വഴി പരസ്യം ചെയ്യുന്ന വ്യാപാരത്തിൽ തുടക്കക്കാരായവരെയാണ് വിശ്വസിപ്പിച്ച് ചതി ചെയ്യുന്നത്.
ആദ്യം സാമ്പിൾ കൊണ്ടുവരാൻ പറയുകയും പിന്നീട് സ്റ്റേഷനറി സാധനങ്ങളുടെ ലോഡ് പാലക്കാട് വരുത്തുകയും ശേഷം ലോഡ് മറിച്ച് വിൽക്കുകയും ചെയ്യുന്നതാണ് രീതി. അവിനാശി സ്വദേശിയിൽ നിന്ന് ഓയിൽ വാങ്ങിയാണ് പ്രതികൾ മുങ്ങിയത്.
സയ്യിദ് ഇബ്രാഹിമിന് എതിരെ കോയമ്പത്തൂരിൽ സമാന രീതിയിലുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ റേസ് കോഴ്‌സ് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സയ്യിദ് ഇബ്രാഹിം. ഇയാളുടെ സഹായിയായ ഒരാളെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.കസബ പോലീസ് ഇൻസ്‌പെക്ടർ എം. സുജിത്തിന്റെ നിർദേശ പ്രകാരം എസ്.ഐമാരായ എച്ച്. ഹർഷാദ്, പി.എ. റഹിമാൻ, എ.എസ്.ഐ. യേശുദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, ആർ. രാജീദ്, അപരീഷ്, സുനിൽ, സി.പി.ഒമാരായ അൻസിൽ, അശോകൻ, മുഖേഷ് എന്നിവരാണ് പ്രതിയെ സാഹസികമായി ഹൈവേയിൽ നിന്നും പിടികൂടിയത്. തമിഴ്‌നാട്ടിലും കേരളത്തിലും കൂടുതൽ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കസബ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
