ഉത്സവത്തിന് ഒരുങ്ങി തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ; കൊടിയേറ്റം 6 ന്


മാർച്ച് 6 ന് 1 മണിക്ക് കൊടിയേറ്റത്തോടു കൂടി തൃച്ചംബരം ഉത്സവം ആരംഭിക്കുകയാണ്. മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
തളിപ്പറമ്പ : ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും ആനന്ദനൃത്തമാടുന്ന കേരളത്തിലെ പുരാതനമായ ക്ഷേത്രമാണ് തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ആനയുടെയും വെടിക്കെട്ടുൾപ്പെടെയുള്ള ഘോഷ അകമ്പടിയില്ലാതെയും ജനലക്ഷങ്ങളെ ആകർഷിക്കുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മാർച്ച് 6 ന് കൊടിയേറ്റം നടക്കും. മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തളിപ്പറമ്പിനെ ഉത്സവാന്തരീക്ഷത്തിൽ ആറാടിക്കുന്ന രാമകൃഷ്ണ ലീലകൾക്ക് വേദിയാകാൻ തൃച്ചംബരം ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഉത്സവാഘോഷ കമ്മറ്റി. മാർച്ച് 6 ന് 1 മണിക്ക് കൊടിയേറ്റത്തോടു കൂടി തൃച്ചംബരം ഉത്സവം ആരംഭിക്കുകയാണ്. അന്നേ ദിവസം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ചിറയുടെ സമീപത്തായി വിദ്യാലയത്തിൽ ഏകദേശം പതിനായിരത്തോളം പേർക്കായി മഹാ അന്ന ദാനം നടക്കും.

14 ദിവസമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം നടക്കാറുള്ളത്. 20ന് കൂടിപിരിയലും. മാർച്ച് ആറ് മുതൽ മാർച്ച് 20 വരെ വിവിധ ആഘോഷ പരിപാടികൾ ഉത്സവത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും.
മാർച്ച് 6 ന് കാലാ സാംസ്കാരിക പരിപാടികൾ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 11 ന് പുക്കോത്ത് നടയിൽ എം.വി.ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്യും. അമ്പലത്തിലും പൂക്കോത്ത് നടയിലും നടക്കുന്ന കലാ സാംസ്കാരിക പരിപാടികളിൽ പ്രസിദ്ധ സിനിമാ നടീ നടന്മാരും പിന്നണി ഗായകരും TV ഷോ ടോപ്പ് സിങ്ങർ ഗായകരും നാടൻ പാട്ട് കലാകാരന്മാരും വാദ്യ വിദ്വാന്മാരും അണി നിരന്നു കൊണ്ട് ഗാനമേളകൾ, മെഗാ ഷോകൾ, ഫ്യൂഷനുകൾ,നൃത്തനൃത്ത്യങ്ങൾ, നാടകങ്ങൾ ക്ഷേത്രകലകൾ, വാദ്യമേളങ്ങൾ എന്നിവ അരങ്ങേറും.
ഇത്തവണ പതിവിലും വ്യത്യസ്തമായി വിവിധ ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട് , സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ബോധവത്ക്കരണ പരിപാടികളും ഗ്രീൻ പ്രോട്ടോക്കോൾ അടക്കമുള്ള നിരവധി ക്യാമ്പയിൻ പ്രവർത്തനങ്ങളും ശുചിത്വ സേവനവുമായി ബന്ധപ്പെട്ട കർമ്മ സേനകളും മറ്റു ക്രമീകരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിൽപ്പെട്ട തളിപ്പറമ്പിലെ മുഴുവൻ ജനങ്ങളേയും ഉത്സവാഘോഷത്തിൻ്റെ ഭാഗമായി മാറ്റുന്നതിനു വേണ്ടിയുള്ള പ്രചരണ ക്വാമ്പയിൻ പ്രവർത്തനങ്ങളും വ്യാപാരി വ്യവസായ സമൂഹത്തെയാകെ ഉൾപ്പെടുത്തി കൊണ്ടുള്ള ദീപാലങ്കാര മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
പി ഗംഗാദരൻ, പി വി പ്രകാശൻ, ചാലിൽ രമേശൻ, വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.