തളിപ്പറമ്പ് കൂവോടെ ഉഷയുടെയും മക്കളുടെയും സംരക്ഷണം തളിപ്പറമ്പ് നഗരസഭ ഏറ്റെടുത്തു; വീട് നവീകരിക്കും, മേൽനോട്ട സമിതി രൂപീകരിച്ചു

Taliparamba Municipality takes over the care of Usha and her children; House will be renovated, supervision committee formed

തളിപ്പറമ്പ്: തളിപ്പറമ്പ് കൂവോടെ അതിദയനീയ സാഹചര്യത്തിൽ കഴിയുന്ന ഉഷയുടെയും മക്കളുടെയും പൂർണ്ണ സംരക്ഷണവും സഹായവും തളിപ്പറമ്പ് നഗരസഭ ഏറ്റെടുത്തു. കുടുംബത്തിന്റെ ചികിത്സ, ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വീടിന്റെ നവീകരണവും നഗരസഭ പൂർത്തിയാക്കുമെന്ന് ചെയർപേഴ്സൺ പി.കെ. സുബൈർ അറിയിച്ചു. കുടുംബത്തിന് മികച്ച ചികിത്സ നൽകി തിരിച്ചെത്തിക്കുമ്പോഴേക്കും വീട് താമസയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണ പ്രവർത്തനങ്ങൾ അടുത്തയാഴ്ചയോടെ ആരംഭിക്കും.

Taliparamba Municipality takes over the care of Usha and her children; House will be renovated, supervision committee formed

നിലവിൽ പുറത്തുനിന്ന് സാമ്പത്തിക സഹായം ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമെങ്കിൽ മാത്രം സഹായം അഭ്യർത്ഥിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി. കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി നാട്ടുകാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നഗരസഭാ ചെയർപേഴ്സൺ മുഖ്യരക്ഷാധികാരിയായ സമിതിയിൽ വാർഡ് കൗൺസിലർ ധന്യ പ്രകാശ് കൺവീനറായും നഗരസഭാ കൗൺസിലർ ടി. ബാലകൃഷ്ണൻ കോ-ഓർഡിനേറ്ററായും പ്രവർത്തിക്കും. ഇതിനുപുറമെ ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവരും സമിതിയിലുണ്ട്.

കുടുംബത്തിന് മുൻപും നാട്ടുകാരുടെ പക്കൽ നിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ സഹായം ലഭിക്കുന്നില്ലെന്ന രീതിയിലുള്ള തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ടെന്നും കൗൺസിലർ ടി. ബാലകൃഷ്ണൻ പറഞ്ഞു. തുടർന്നും കുടുംബത്തിന് നാട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ടാകും. മൂത്ത മകന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുന്ന മുറയ്ക്ക് ഇയാൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. നഗരസഭാ ഭാരവാഹികളും ജനപ്രതിനിധികളും ഉഷയുടെ വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Tags