തളിപ്പറമ്പ് നഗരത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും പൊതു ശല്യമായി മാറിയ കുതിരയെ പിടിച്ചു കെട്ടി


തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാർക്കും വ്യാപാരികൾക്കും പൊതുശല്യമായി മാറിയ കുതിരയെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ജീവനക്കാർ പിടിച്ചു കെട്ടി. തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിൽ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാർക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി.
തളിപ്പറമ്പിലെ ഒരു വ്യക്തി വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളിൽ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടർന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളിൽ തീറ്റ തേടി എത്തുന്ന കുതിര കാർഷിക വിളകൾ തിന്നു തീർക്കുകയും അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കയറി നാശനഷ്ടങ്ങൾ വരുത്തുന്നതും പതിവാണ്. ഇതേ തുടർന്നാണ് കുതിരയെ നഗരസഭാ ജീവനക്കാർ പിടിച്ചു കെട്ടിയത്.
