തളിപ്പറമ്പ കരിബീയന്‍സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
തളിപ്പറമ്പ: കരിബീയന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മൂന്നിന് വൈകിട്ട് ഏഴുമണിക്ക് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്ത താരങ്ങളടങ്ങിയ 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഓരോ ടീമിലും മൂന്ന് വിദേശ താരങ്ങളെയും അണിനിരത്തും. ഐ.സി.എല്‍ പോലെയുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി കിടപിടിക്കത്തക്കവിധമുള്ള മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ അരങ്ങേറുക. ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഇരുമ്പ് ഗ്യാലറിയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.
സെവന്‍സ് ഫുട്‌ബോളില്‍ ആദ്യമായി ഫാമിലി ലോഞ്ച് എന്ന പുതിയ ആശയം ഇത്തവണത്തെ പ്രത്യേകതയാണ്. 20 ഫാമിലിക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമാണ് ഫാമിലി ലോഞ്ചില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകളെ കൂടി രംഗത്തിറക്കുകയെന്നതാണ് ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ ഭാരവാഹികളെ പ്രേരിപ്പിച്ചത്.
വന്‍കിട ഹോട്ടലുകളിലെ ലോഞ്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ലോഞ്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാണികള്‍ക്കും കളിക്കാര്‍ക്കുമായി 40 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഗ്രൗണ്ടിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കരിബീയന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ചെയര്‍മാന്‍ സൂപ്പര്‍ സിദിഖ്, വൈസ് ചെയര്‍മാന്‍ ദില്‍ഷാദ് പാലക്കോടന്‍, സലീം, ഇഖ്ബാല്‍, ജസീം വലിയകത്ത് പങ്കെടുത്തു.