കേരള സർക്കാരിൻ്റെ സാക് എ പ്ലസ് അംഗീകാര തിളക്കത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ്


തളിപ്പറമ്പ്: കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഭാഗമായുള്ള സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ സെന്റർ (സാക്) നടത്തിയ മൂല്യനിർണ്ണയത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എ പ്ലസ് (സി.ജി.പി.എ 3.30) നേട്ടത്തോടെ മികച്ച ഗ്രേഡ് കരസ്ഥമാക്കി. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ സാക് അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് സർ സയ്യിദ് കോളേജ്.
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. മൈക്കിൾ തരകൻ ചെയർമാനും കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ. ജി.ശങ്കരൻ, കാലിക്കറ്റ് സർവകലാശാല മുൻ ലൈഫ് സയൻസ് വിഭാഗം പ്രൊഫസർ ഫാത്തിമത്ത് സുഹറ എന്നിവർ മെമ്പർമാരുമായ സാക് പിയർ ടീമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ കോളേജിന് എ പ്ലസ് ഗ്രേഡ് നൽകാൻ തീരുമാനിച്ചത്. കാനന്നൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലാണ് സർ സയ്യിദ് കോളേജ് പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ റൂസ, കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫിസ്റ്റ്, യു.ജി.സി എന്നിവയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ അഡ്വ. പി.മഹ്മൂദ് (മാനേജർ, സർ സയ്യിദ് കോളേജ് ), മഹമൂദ് അള്ളാംകുളം (ജനറൽ സെക്രട്ടറി, സി.ഡി.എം.ഇ.എ), ഡോ. ഇസ്മയിൽ ഒലായിക്കര (പ്രിൻസിപ്പൽ), ഡോ. താജോ എബ്രഹാം (ഐ.ക്യു.എ.സി കോർഡിനേറ്റർ ), ഡോ. എ.കെ.അബ്ദുസ്സലാം (റൂസ കോ-ഓർഡിനേറ്റർ) പങ്കെടുത്തു.