വിനോദസഞ്ചാരമേഖലയിൽ മലബാറിന്റെ ടൂറിസം ഹബ്ബായി തളിപ്പറമ്പ് വെള്ളിക്കീല്‍ മാറും : എം വി ഗോവിന്ദൻ


തളിപ്പറമ്പ് : വെള്ളിക്കീലിൻ്റെ പ്രകൃതി ഭംഗി ചോരാതെ കണ്ണാടിപ്പാലവും മരം പാകിയ നടപ്പാതയും സൗര വെളിച്ചവും ചേർത്ത് അതിമനോഹര കാഴ്ചാനുഭവം ഒരുക്കാൻ വെള്ളിക്കീൽ ഒരുങ്ങുന്നു. ഇതോടെ വിനോദസഞ്ചാരമേഖലയിൽ മലബാറിന്റെ ടൂറിസം ഹബ്ബായി വെള്ളിക്കില്‍ മാറുമെന്ന് എം വി ഗോവിന്ദൻ എം.എല്‍.എ പറഞ്ഞു.
കൂറ്റന്‍ ടവര്‍ പണിതുയര്‍ത്തി നിർമിക്കുന്ന വലിയ കണ്ണാടിപാലത്തില്‍ നിന്ന് നോക്കിയാല്‍ കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനാവുമെന്നും പദ്ധതി പ്രദേശം സന്ദർശിച്ച് എം എൽ എ പറഞ്ഞു. കുട്ടഞ്ചേരിയില്‍ നിന്ന് തുടങ്ങി വെള്ളിക്കീല്‍ പാര്‍ക്ക് വരെ നാലര കിലോമീറ്റര്‍ നീളത്തില്‍ മനോഹരമായ നടപ്പാതയും സൈക്കിള്‍ വഴിയും ഇതിൻ്റെ ഭാഗമായി നിര്‍മ്മിക്കും.
സാഹസികടൂറിസത്തിന്റെ ഭാഗമായൊരുക്കുന്ന കണ്ണാടി പാലം നിർമാണംമൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കും. നാലര കിലോമീറ്റർ വാക്ക് വേയില്‍ വഴിയോരങ്ങളില്‍ നിറയെ സോളാര്‍ വിളക്കുണ്ടാകും. ഇവിടെ സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കും.
ചെറിയ ഹട്ടുകള്‍, പെഡല്‍ ബോട്ട് എന്നിവയുമുണ്ടാകും. ബഡ്ജറ്റില്‍ എട്ടു കോടി രൂപ വെള്ളിക്കീൽ ടൂറിസം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍, ടൂറിസം-റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
