കണ്ണൂർ സ്വദേശിയായ തഹ്സിൻ കളത്തിലിറങ്ങിയില്ല, പ്രതീക്ഷയോടെ ഖത്തറിനായി കൈയ്യടിച്ച ആരാധകർ നിരാശരായി
വളപട്ടണം : ഫിഫ ലോകകപ്പിന്റെ വേദിയിൽ കണ്ണൂരില വളപട്ടണം സ്വദേശിയായ യുവാവ് പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു. സ്വിറ്റ്സർലൻഡിനെതിരായ ഖത്തറിന്റെ ആദ്യ മത്സരത്തിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ തഹ്സിന്റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാൽ നിർണായകമായ മത്സരത്തിൽ കോച്ച് ജുലെൻ ലോപ്റ്റേഗി പരിചയസമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോൾ തഹ്സിന് പുറത്തിരിക്കേണ്ടി വന്നു.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ ദേശീയ ടീമിലെത്തിയത്.
ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ യുവതാരം. തഹ്സിൻ്റെ മത്സരം കാണുന്നതിനായി ഇന്നലെ രാത്രി മുതൽ വളപട്ടണത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ബിഗ് സ്ക്രീനും മറ്റു സംവിധാനങ്ങളും മധുര വിതരണവും സോക്കർ റാലിയും നടത്തിയാണ് ആരാധകർ ഖത്തറിൻ്റെ കളി വരവേറ്റത്.
.jpg)

