ടി പത്മനാഭന്‍ സാംസ്‌കാരികമേഖയിലെ ദേശീയസ്വത്ത്: ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ്

google news
AF

കണ്ണൂര്‍: ബൗദ്ധികസത്യസന്ധതയുടെ പ്രതീകമായ ടി പത്മനാഭന്‍ സാംസ്‌കാരികമേഖലയിലെ  ദേശീയസ്വത്താണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് പറഞ്ഞു. ഭാരതത്തിന്റെ കലാസാസ്‌കാരിക പൈതൃകശക്തി ലോകത്തിനുമുമ്പില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച്  ദേശീയതലത്തില്‍ രൂപം നല്‍കിയ  'കലാക്രാന്തി' പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ  ദുര്‍ഗ്ഗാഭാരത് സമ്മാന്‍  ടി പത്മനാഭന്  കണ്ണൂര്‍ പളളിക്കുന്നിലെ രാജേന്ദ്രനഗറിലുളള അദ്ദേഹത്തിന്റെ  വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു ഗവര്‍ണര്‍.

അന്‍പതിനായിരം രൂപയും കീര്‍ത്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം. തന്റെ 'സഖാവ്'; 'എനിക്ക് എന്റെ വഴി' എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്കു സമ്മാനിച്ചാണ് പത്മാനാഭന്‍ സന്തോഷം അറിയിച്ചത്. ബംഗാളിലെ സാഹിത്യ സാംസ്‌കാരിക പ്രതിഭകളും  പ്രവര്‍ത്തകരുമായി സംവദിക്കുന്നതിന് ബംഗാളില്‍ നടക്കുന്ന കലാക്രാന്തി പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള  ക്ഷണം ടി പത്മനാഭന്‍ സസന്തോഷം സ്വീകരിച്ചു.

തന്റെ വ്യക്തി ജീവിതത്തില്‍ സ്‌നേഹവും ശുശ്രുഷയും നല്‍കി പരിചരിക്കുന്ന രാമചന്ദ്രനെയും പത്മാവതിയെയും പത്മനാഭന്‍ ഗവര്‍ണര്‍ക്ക് പരിചയപ്പെടുത്തി. ഇരുവരുടെയും സേവനതല്പരതയെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

Tags