ഓണം കളറാക്കാൻ കണ്ണൂർ തയ്യിൽ കുളത്തിൽ പൂക്കളമൊരുക്കി സ്വിമ്മിങ് ബേർഡ്സ് കൂട്ടായ്മ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ കുളത്തിൽ പൂക്കളമൊരുക്കി കണ്ണൂർ പള്ളിക്കുന്നിലെ നീന്തൽക്കാരുടെ കൂട്ടായ്മ ഓണം കളറാക്കി. തയ്യിൽ കുളത്തിലാണ് ഓണാഘോഷത്തിൻ്റെ ഭാഗമായി വിശാലമായ കുളത്തിന്റെ മധ്യത്തിൽ തെർമോകോൾ ബോർഡിൽ പുക്കളമൊരുക്കിയത്. ഇതിനൊപ്പം കുളത്തിൽ നിന്നുതന്നെ കമ്പവലിയും വിവിധ ഓണക്കാല കലാ മത്സരങ്ങളും നടത്തി ചടങ്ങിന് ആവേശമേറ്റി.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. ഓണസദ്യയൊരുക്കിയും മധുരം വിതരണം ചെയ്തും ഓണാഘോഷം ഗംഭീരമാക്കിയാണ് നീന്തൽക്കാരുടെ സംഘം പിരിഞ്ഞത്. കണ്ണൂർ നഗരത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണ് തയ്യിലേത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ നിന്നും നീന്തൽ പഠിച്ചത്. കടുത്ത വേനലിൽ പോലും പാടങ്ങളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കുളം വറ്റാറില്ല.
കണ്ണൂർ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സ്വിമ്മിങ് ബേർഡ്സിൻ്റെ പ്രധാന പരിശീലന കേന്ദ്രവും ഈ കുളം തന്നെയാണ്. പരിപാടിക്ക് സ്വിമ്മിങ് ബേർഡ്സ് ക്ളബ്ബ് പ്രസിഡൻ്റ് അഡ്വ. വിനോദ് രാജ് സെക്രട്ടറി പ്രശാന്ത് കീനാരി, ശ്രീ കീർത്ത് ബാബു, പ്രസാദ് തുണോളി,ജയദിപ് ചന്ദ്രൻ , വിനീതവിജേഷ് എന്നിവർ നേതൃത്വം നൽകി.