സംസ്ഥാന സർക്കാറിന്റെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക്


തളിപ്പറമ്പ : സംസ്ഥാന സർക്കാരിൻ്റെ മികച്ച നഗരസഭയ്ക്കുള്ള 2023-24 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചു. 30 ലക്ഷം രൂപയും ട്രോഫിയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 19 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.
തുടർച്ചയായി രണ്ടാം വർഷമാണ് ആന്തൂർ നഗരസഭ നേട്ടം കരസ്ഥമാക്കുന്നത്. 2022-23 വർഷത്തെ സ്വരാജ് ട്രോഫി മൂന്നാം സ്ഥാനം ആന്തൂർ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. 2023-24 വർഷം നടപ്പാക്കിയ വിവിധ മേഖലയിലെ പ്രവർത്തനങ്ങളുടെ മികവാണ് പുരസ്ക്‌കാരത്തിന് അർഹമാക്കിയത്. പദ്ധതി നിർവ്വഹണത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്, മാലിന്യ സംസ്ക്കരണ രംഗത്തെ ഫലപ്രദമായ ഇടപെടൽ, തനത് വരുമാന വർധനവ്, അതിദാരിദ്ര്യ മേഖലയിൽ ഉൾപ്പെട്ടവരെ ദാരിദ്ര്യമുക്തമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചിയിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 87 നഗരസഭകളിൽ നിന്നാണ് ആന്തൂർ നഗരസഭയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച മുഴുവൻ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും, പൊതുജനങ്ങളോടും നഗരസഭ ചെയർമാൻ പി മുകുന്ദൻ നന്ദി അറിയിച്ചു.
തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ
കെ പി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി പി എൻ അനീഷ് ,മുനിസിപ്പൽ എഞ്ചിനീയർ പി.സുനിൽ കുമാർ, കൗൺസിലർമാരായ
ടി.കെ.വി നാരായണൻ, പി.കെ മുജീബ് റഹ്‌മാൻ എന്നിവർ പങ്കെടുത്തു.