കൊടുംചൂട് കൂടുമ്പോഴും കോട്ടും സ്യൂട്ടും അണിഞ്ഞ് വിദ്യാർത്ഥികൾ ; കണ്ണൂരിൽ സ്കൂൾ മാനേജ്മെൻ്റുകളുടെ പിടിവാശി കുട്ടികൾക്ക് ദുരിതമാകുന്നു

കഴിഞ്ഞ അധ്യയന വർഷം മുതൽ കണ്ണൂർ ജില്ലയിലെ നിരവധി സ്കുളുകളാണ് ഡ്രസ് കോഡിൻ്റെ ഭാഗമായി യു.പി മുതൽ ഹയർ സെക്കൻഡറി വരെ കോട്ടും സ്യൂട്ടും ടൈയും ഷൂസുമൊക്കെ നിർബന്ധമാക്കിയത്. 3000 രൂപ ഇതിനായി രക്ഷിതാക്കളോട് വാങ്ങുകയും ചെയ്തു. ചില രക്ഷിതാക്കൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും മാനേജ്മെൻ്റുകൾ ഗൗനിച്ചില്ല.
കണ്ണൂർ : സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊടുംചൂട് റിപ്പോർട്ടുചെയ്യുമ്പോഴും കോട്ടും സ്യൂട്ടും അണിയാൻ എയ്ഡഡ് - അൺ എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുകൾ നിർബന്ധിക്കുന്നതായി പരാതി. ഇതു കാരണം കൊടുംചൂടിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ അധ്യയന വർഷം മുതൽ കണ്ണൂർ ജില്ലയിലെ നിരവധി സ്കുളുകളാണ് ഡ്രസ് കോഡിൻ്റെ ഭാഗമായി യു.പി മുതൽ ഹയർ സെക്കൻഡറി വരെ കോട്ടും സ്യൂട്ടും ടൈയും ഷൂസുമൊക്കെ നിർബന്ധമാക്കിയത്. 3000 രൂപ ഇതിനായി രക്ഷിതാക്കളോട് വാങ്ങുകയും ചെയ്തു. ചില രക്ഷിതാക്കൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും മാനേജ്മെൻ്റുകൾ ഗൗനിച്ചില്ല.
കുട്ടികളുടെ അസ്വസ്ഥത ഒഴിവാക്കുന്നതിനാൽ ചില അധ്യാപകർ ക്ളാസ് മുറികളിൽ കോട്ട് അഴിച്ചു മാറ്റാൻ അനുവദിക്കുന്നുണ്ടെങ്കിലും എല്ലാ സ്കൂളിലും ഇതു നടക്കുന്നില്ല. പേരിന് മാത്രം ഫാൻ കറങ്ങുന്ന ക്ളാസ് മുറികളാണ് കണ്ണൂർ ജില്ലയിലെ സ്കൂളുകളിലെ ക്ളാസ് മുറികളിൽ പലതും തുറന്നിട്ട ജനാലയിലൂടെ മാത്രം വരുന്ന ചെറു കാറ്റാണ് കുട്ടികൾക്ക് ഏക ആശ്വാസം.

രക്ഷിതാക്കളിൽ നിന്നും ഭീമൻ സംഭാവന രക്ഷിതാക്കളിൽ നിന്നും വാങ്ങി ചില സ്കൂളുകാർ ഡിജിറ്റൽ ക്ളാസ് മുറികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ഇതു തന്നെയാണ് അവസ്ഥയെന്ന പരാതിയുണ്ട്. ഫെബ്രുവരി അവസാനമാകുമ്പോഴെക്കും ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തതത് കണ്ണൂർ വിമാനതാവളത്തിലാണ് '42' ഡിഗ്രി സെൽഷ്യസാണ് ഇവിടെ കാലാവസ്ഥ വകുപ്പ് താപനില റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികളുടെ ഡ്രസ് കോഡിന് താൽകാലികമായി മാറ്റമുണ്ടാകണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും സ്കൂൾ മാനേജ്മെൻ്റുകളെ ഭയന്ന് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.