വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റൽ

Students' bus concession cards to be digital from this academic year

കണ്ണൂർ : സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സർക്കാർ, എയ്ഡഡ്,സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാണ്. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ ഇ. എസ് പുതിയ കൺസഷൻ കാർഡ് പ്രാബല്യത്തിൽ വരുന്ന കാര്യം വിശദീകരിച്ചത്. 

ആദ്യമായി അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്സ് (MVD Leads) എന്ന വെബ്സൈറ്റിൽ കയറി സ്ഥാപനം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാർത്ഥി എംവിഡി ലീഡ്സ് എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത്, മൊബൈൽ നമ്പറും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം. 
വിദ്യാർത്ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം ആർ.ടി.ഒയ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ തലത്തിൽ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കൺസെഷൻ കാർഡ് അനുവദിക്കുക. 

വിദ്യാർഥികൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്തു യാത്രവേളയിൽ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കിൽ പ്രിൻറ് ഔട്ട് എടുത്തും യാത്രവേളയിൽ ഉപയോഗിക്കാം. കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ്  യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡിൽ ഉണ്ടാകും. 

പുതിയ കാർഡ് പ്രാബല്യത്തിൽ വരാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.  അത്രയും സമയം 
നിലവിലെ രീതിയിൽ തന്നെ കൺസഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. 
ഏതെങ്കിലും വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് 
ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കൺസഷൻ കാർഡുകൾ റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് അറിയിച്ചു.  

ബസുകൾ സ്കൂൾ സ്റ്റോപ്പിൽ കൃത്യമായി നിർത്തി വിദ്യാർഥികളെ കയറ്റണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും. സ്കൂൾ കുട്ടികൾ സ്റ്റോപ്പിൽ ബസ് കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ഒരു അധ്യാപകനെ അവിടെ നിയമിക്കണം. തിരക്കുള്ള, പ്രധാന ബസ് സ്റ്റോപ്പുകളിൽ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകണം. 
സ്വാതന്ത്ര്യദിനം,  റിപ്പബ്ലിക് ദിനം മുതലായ അവധി ദിവസങ്ങളിൽ യൂണിഫോമിൽ ബസിൽ കയറുന്ന വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കണമെന്നും കലക്ടർ നിഷ്കർഷിച്ചു. 

കൺസെഷൻ സംബന്ധിച്ചു ബസുകൾക്കെതിരെ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും പ്രിൻസിപ്പൽ ഇക്കാര്യം ആർ.ടി.ഒയിൽ അറിയിക്കുകയുമാണ് വേണ്ടത്. 
സ്റ്റാൻഡിൽ സീറ്റുകൾ നിറയുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിർത്താൻ പാടില്ല. വിദ്യാർത്ഥികളെ ഷെഡ്ഡിൽ നിർത്തി ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഘട്ടം ഘട്ടമായി തിരക്കനുസരിച്ചു ബസുകളിൽ കയറ്റണമെന്ന് ആർ.ടി.ഒ നിർദേശിച്ചു. 

രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ആണ് കൺസഷൻ കാർഡ് ലഭിക്കുന്ന സമയം. വിദ്യാർത്ഥി ബസിൽ കയറുന്ന സമയം നോക്കിയാണ് ഇത്‌ കണക്കാക്കുക. നമ്മുടെ കുട്ടികൾ ആണ് എന്ന പരിഗണനയോടെ വേണം വിദ്യാർത്ഥികളോട് ഇടപെടാനെന്ന് ജില്ലാ കലക്ടർ ഓർമിപ്പിച്ചു.
 അസി. കളക്ടർ എസ് സ്വാതി, കണ്ണൂർ ഡി.ഇ.ഒ ദീപ വി, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, ജില്ലാ ബസ് ഓപറേറ്റേഴ്സ്, പാരലൽ കോളേജ് അസോസിയേഷൻ, പോലീസ്, എം.വി.ഡി ഓഫീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Tags