സംസ്ഥാനത്ത് സൈനേജ് മെറ്റീരിയലുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി

Stricter controls on signage materials in the state

കണ്ണൂർ:സംസ്ഥാനത്ത് സൈനേജ് ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ശുചിത്വ മിഷന്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച 100 ശതമാനം കോട്ടണ്‍, പോളിഎത്തിലീന്‍ മെറ്റീരിയലുകള്‍ മാത്രമേ വില്‍ക്കാനോ പ്രിന്റ് ചെയ്യാനോ പാടുള്ളൂ. കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പേരുകളില്‍ വിപണിയിലുള്ള ഒരു തരത്തിലുള്ള ക്ലോത്ത് മെറ്റീരിയലിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. അതിനാല്‍ തുണിയിലുള്ളതെന്ന് അവകാശപ്പെടുന്ന പ്രചരണ ബോര്‍ഡുകള്‍ കണ്ടെത്തിയാല്‍ പിഴ ഈടാക്കുകയും അവ പിടിച്ചെടുക്കുകയും ചെയ്യും. 

പി.സി.ബി അംഗീകരിച്ചിട്ടുള്ള പ്രത്യേക പോളിഎത്തിലീന്‍ സാമ്പിളുകളില്‍ നിന്നും വ്യത്യസ്തമായ ഫ്‌ളക്‌സ്, തുണി എന്നിവ പ്രിന്റിങ്ങിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കോട്ടന്‍ തുണിയില്‍ എഴുതുന്ന ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും നിരോധനമില്ല. ഉപയോഗിക്കുന്ന മെറ്റീരിയല്‍ പി.സി.ബി സാക്ഷ്യപ്പെടുത്തിയതാണെന്ന് തെളിയിക്കേണ്ട ബാധ്യത സ്ഥാപന ഉടമകള്‍ക്കാണ്. പിടിച്ചെടുത്ത വസ്തു നിരോധിതമാണോ എന്ന് പ്രത്യേക ലാബ് പരിശോധന നടത്തേണ്ടതില്ല. പകരം അത് സര്‍ട്ടിഫൈഡ് മെറ്റീരിയല്‍ അല്ലെന്ന് ഉറപ്പായാല്‍ തന്നെ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ബോര്‍ഡുകളില്‍ പി.സി.ബി വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച ക്യു.ആര്‍ കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി പതിപ്പിച്ചിരിക്കണം. ഇവയില്ലാത്ത ബോര്‍ഡുകള്‍ നിയമവിരുദ്ധമായി കണക്കാക്കി ലൈസന്‍സ് റദ്ദാക്കും. നിയമപാലകരെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ ക്യു.ആര്‍ കോഡുകള്‍ പതിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. പരിസ്ഥിതി സൗഹൃദപരമായ പോളിഎത്തിലീന്‍ മെറ്റീരിയലുകളുടെ സാമ്പിളുകള്‍ എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

Tags