തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ട് മുഴുവന്‍ തെരുവുനായകളുടെ വിളയാട്ടം; ഉദ്യോഗസ്ഥന്റെ സ്‌കൂട്ടറിന്റെ സീറ്റ് തെരുവുനായ കടിച്ച് നശിപ്പിച്ചു
തളിപ്പറമ്പ: തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍, റൂറല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേര്‍സ്, ഡിവൈ.എസ്.പി ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ട് മുഴുവന്‍ തെരുവുനായകളുടെ വിളയാട്ടം. ഡിവൈ.എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥന്റെ സ്‌കൂട്ടറിന്റെ സീറ്റ് തെരുവുനായ കടിച്ച് നശിപ്പിച്ചു. ഡി.എച്ച്.ക്യു പ്രവര്‍ത്തിക്കുന്ന പഴയ സി.ഐ ഓഫീസ് കെട്ടിടത്തിലേക്ക് ജീവനക്കാര്‍ക്ക് കയറാന്‍ കഴിയാത്ത വിധം ഏണിപ്പടി മുഴുവന്‍ തെരുവുനായകള്‍ കീഴടക്കിയിരിക്കയാണ്.

പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനത്തിന്റെ മുകളില്‍ പോലും നായകള്‍ കയറി കിടക്കുന്ന കാഴ്ചയാണ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെയുണ്ടാവുന്നത്. ഇതേ വളപ്പില്‍ തന്നെയാണ് സി.ഐ, എസ്.ഐമാരുടേതടക്കമുള്ള ക്വാര്‍ട്ടേഴ്‌സും പോലീസ് കാന്റീനും പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെല്ലാം പത്തും പതിനഞ്ചും തെരുവുനായകള്‍ കൂട്ടത്തോടെ അലയുന്ന കാഴ്ചയാണ് കാണുക. ആഴ്ചകള്‍ക്ക് മുമ്പ് സി.ഐയുടെ ജീപ്പിന്റെ ഇലക്ട്രിക്കല്‍ വയര്‍ തെരുവുനായകള്‍ കടിച്ച് നശിപ്പിച്ചിരുന്നു. 15,000 ഓളം രൂപ ചിലവഴിച്ചാണ് പുതിയ വയറിംഗ് നടത്തിയത്.
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തളിപ്പറമ്പില്‍ ചില കപട മൃഗസ്‌നേഹികള്‍ ഇപ്പോഴും തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് വെച്ചാണ് ഭക്ഷണം നല്‍കുന്നത്. ഇവ പെറ്റുപെരുകാന്‍ ഇതും കാരണമാകുന്നുണ്ട്.
.jpg)

