വാഹനമിടിച്ച് മരണത്തോട് മല്ലിടിച്ച തെരുവ് നായക്ക് രക്ഷകരായി മോറാഴ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ

Members of the Morazha Reading Room and Library came to the rescue of a stray dog ​​that was battling for its life after being hit by a vehicle.


മോറാഴ : വാഹനമിടിച്ചതിനെ തുടർന്ന്  അവശതയിലായി മരണത്തോട് മല്ലിടിച്ച തെരുവ് നായക്ക് കാരുണ്യ സ്പർശവുമായി ഒരു നാടിന്റെ ഗ്രന്ഥശാല പ്രവർത്തകർ. മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം 'അക്ഷര സേന'പ്രവർത്തകരാണ് ഇരുചക്ര വാഹനമിടിച്ച് ഇരുകാലുകൾക്കും സാരമായ പരിക്ക് പറ്റിയ തെരുവ് നായയുടെ പരിചരണവും ശുശ്രൂഷയും ഏറ്റെടുത്ത് മാതൃകയായത്.രണ്ടാഴ്ച മുൻപ് രാത്രി ആയിരുന്നു റോഡിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന തെരുവ് നായക്ക് വായനശാല പരിസരത്ത് വെച്ചുണ്ടായ അപകടത്തിൽ കാലുകൾക്ക് പരിക്കു പറ്റിയത്.

 അപകടത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം ഭയന്നോടിയ നായയെ രണ്ട് ദിവസം കഴിഞ്ഞ് ഗ്രന്ഥാലയത്തിന് സമീപത്തുളള ശ്രീന പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കടവരാന്തയിൽ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെ പ്രയാസപ്പെട്ട നായക്ക് ഭക്ഷണവും വെളളവും നൽകിയ ശേഷം കട ഉടമയാണ് ആദ്യം നായയുടെ ദയനീയത ഗ്രന്ഥശാല പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.അക്ഷര സേന പ്രവർത്തകരെത്തി നായയെ പ്രദേശത്തെ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന ഷെഡിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷയും നൽകി.പിന്നീട് കാണാതായ നായയെ രണ്ട് ദിവസം കഴിഞ്ഞ് കണ്ടെത്തിയത് പ്രദേശത്തെ പി കെ സുരേന്ദ്രന്റെ വീടിനോട് ചേർന്ന പറമ്പിൽ കാലുകൾ പുഴുവരിച്ച് വ്രണമായ നിലയിലായിരുന്നു. 

രാത്രിയോടെ അക്ഷര സേന പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് മന്നയിലെ മൃഗ ഡോക്ടർമാരായ മിഥുൻ രാജും, എം ഗൗതംനാഥും സ്ഥലത്തെത്തി  ആവശ്യമായ മരുന്നുകൾ നൽകി. ദിവസങ്ങളായുള്ള ഗ്രന്ഥശാല പ്രവർത്തകരുടെ പരിചരണത്തിനു ശേഷം  മുറിവുകൾ ഉണങ്ങി ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരികയാണ് തെരുവ് നായ. ഒരാഴ്ചയിൽ അധികമായി  നായക്ക് ഭക്ഷണം നൽകി പരിപാലിക്കുന്നത് നാട്ടുകാരൻ പി കെ സുരേന്ദ്രനും ഭാര്യ പ്രീജയുമാണ്. ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗങ്ങളായ വി സി രജീഷ് , പി പി ജഗദീഷ്, ടി നാരായണൻ, കെ പി പ്രവീൺകുമാർ, കെ അശോകൻ, ടി കെ മനോജ് കുമാർ  എന്നീ അക്ഷര സേന പ്രവർത്തകരാണ്.നായയുടെ പുതിയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് മാതൃകാപരമായ നേതൃത്വം നൽകിയത്. നായയുടെ ശുശ്രൂഷക്കാവശ്യമായ മുഴുവൻ ചെലവും വഹിച്ചത് ഗ്രന്ഥാലയം ഭരണ സമിതിയാണ്

Tags