തലശേരിയിൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി: വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ്


തലശേരി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ റെയ്ഡ് തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. പുതിയ ബസ് സ്റ്റാൻഡിന് സമീപം നാരങ്ങാപ്പുറം റോഡിലെ ഹോട്ടല്‍ ലാഫെയറില്‍ നിന്നാണ് പഴകിയ മാംസം, മത്സ്യം, ഉള്‍പ്പെടെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ നഗരത്തിലെ ഹോട്ടലുകളില്‍ സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ ബി. റെജീനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ആഴ്ചകളോളം പഴക്കം ചെന്ന കോഴിയിറച്ചി, മത്സ്യം, ബീഫ്, കടല എന്നിവയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് ഭക്ഷണ പദാർഥങ്ങള്‍ കണ്ടെത്തിയത്. ഹോട്ടലിന് ആരോഗ്യ വിഭാഗം പിഴ ചുമത്തി.

നഗരത്തിലെ എട്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ രണ്ടെണ്ണത്തിന് ആരോഗ്യ വിഭാഗം നോട്ടീസും നല്‍കി. കണ്ണൂർ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമാവുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കർശനമായ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഹെല്‍ത്ത് ഇൻസ്‌പെക്ടർ കെ.പി. പ്രദീപൻ, പി.എം. രതീഷ്, കെ.എം. രമ്യ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.