പുനർനിർമ്മിച്ച പഴശ്ശി കോവിലകത്ത് ശ്രീ പോർക്കലി ദേവി പ്രതിഷ്ഠ നടത്തി


മുഴക്കുന്ന് : വേദ മന്ത്രോച്ചാരണങ്ങളും ഓംകാരവും മുഴങ്ങിയ അന്തരീക്ഷത്തിൽ ശ്രീപോർക്കലിദേവി പുന പ്രതിഷ്ഠ നടത്തി.മൃദംഗശൈലേശ്വരി ക്ഷേത്രമണ്ഡപത്തിൽ ശ്രീ പോർക്കലി സങ്കല്പത്തിൽ ആരാധിച്ചു വന്നിരുന്ന വിളക്ക് പുനർനിർമ്മിച്ച പഴശ്ശി കോവിലകം നിലവിറയിലേക്ക് എഴുന്നള്ളിച്ച ശേഷം ദീപം പകർന്നതോടെയാണ് പുന:പ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായത്.
കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യാർവള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും കാർമ്മികത്വത്തിൽ ബുധനാഴ്ച രാവിലെ മുഹൂർത്തരാശിയിലാണ് പുന പ്രതിഷ്ഠ നടന്നത്.മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു. മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനു സമീപം വീരകേരളവർമ്മ പഴശ്ശിരാജയടക്കം ഉപാസിച്ച ശ്രീ പോർക്കലി ദേവിയുടെ പുനപ്രതിഷ്ഠയാണ് നടന്നത്.മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എൻ കെ ബൈജു,ട്രസ്റ്റി ബോർഡ് മുൻചെയർമാൻ എ കെ. മനോഹരൻ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ, മനോജ് ധർമ്മജൻ, ആഘോഷ കമ്മിറ്റി സെക്രട്ടറി എ പങ്കജാക്ഷൻ മാസ്റ്റർ, പ്രസിഡണ്ട് ടി പ്രേമരാജൻ,പഴശ്ശികോവിലകം പുനർനിർമ്മിച്ചു സമർപ്പിച്ച എറണാകുളം സ്വദേശി വിനു കൃഷ്ണൻനാരായണ ബാംഗ്ലൂർ, റാം സ്വരൂപ് ഗോരന്റല,പഴശ്ശി കോവിലാകംഗങ്ങൾ, വിവിധ ഭക്ത സംഘടനാ പ്രതിനിധികൾ , മാതൃസമിതി അംഗങ്ങളടക്കം നൂറുകണക്കിന്ന് ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
