കണ്ണൂർ ജില്ലാതല പട്ടയമേളയിൽ പട്ടയം കിട്ടി ; ശ്രീജയന് ഇനി നഷ്ടപരിഹാരം വാങ്ങാം

Sreejayan receives title deed at Kannur district-level distribution event; can now claim compensation.

 കണ്ണൂർ : മാക്കൂട്ടം റെയിൽവേ ഓവർബ്രിഡ്ജിനായി വിട്ടുനൽകിയ തന്റെ നാലുസെന്റ് ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക ലഭിക്കാൻ വഴിയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് മാക്കൂട്ടം പുന്നോൽ സ്വദേശി ശ്രീജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കണ്ണൂർ താണ ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല പട്ടയമേളയിൽ തന്റെ ഭൂമിക്ക് പട്ടയം ലഭിച്ചതോടെയാണിത്. 

2023ലായിരുന്നു കോടിയേരി വില്ലേജിലെ മാക്കൂട്ടം പുന്നോൽ പാറക്കണ്ടി ശ്രീജയന്റെ ഭൂമി റെയിൽവേ മേൽപ്പാലത്തിനായി വിട്ടുനൽകിയത്. രേഖകളെല്ലാം താലൂക്ക് ഓഫീസിൽ സമർപ്പിച്ചെങ്കിലും തനിക്കു മാത്രം നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ആധാരത്തിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. പട്ടയം ഉണ്ടെങ്കിൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ എന്ന് അധികൃതർ പറഞ്ഞതനുസരിച്ചാണ് കൂത്തുപറമ്പ് ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയത്. നാലു മാസമാവുമ്പോഴേക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ശ്രീജയൻ. 

സംസ്ഥാന സർക്കാരിന്റെ 100ദിന കർമപദ്ധതിയുടെ ഭാഗമായാണ് തനിക്ക് ഇത്ര വേഗം പട്ടയം ലഭിച്ചത്. ഇനി പട്ടയം കോടതിയിൽ സമർപ്പിച്ച് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നടപടികൾ തുടങ്ങണം- ശ്രീജയൻ പറഞ്ഞു. മൂന്നുവർഷം മുമ്പ് വലതുകാലിൽ രക്തയോട്ടം നിലച്ചതു കാരണം നടക്കാൻ പ്രയാസമുള്ള ശ്രീജയൻ വീൽചെയറിലായിരുന്നു പട്ടയമേളയിലെത്തിയത്. റവന്യൂ മന്ത്രി എ പി അനിൽകുമാറിൽ നിന്ന് നേരിട്ട് പട്ടയം സ്വീകരിക്കാനായതിന്റെ സന്തോഷവും ശ്രീജയൻ മറച്ചുവച്ചില്ല.

Tags