വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്നേഹിത പോക്കറ്റ് കാർഡ് ; കണ്ണൂർ ജില്ലാതല പ്രകാശനം സിറ്റി പൊലീസ് കമ്മീഷണർ നിർവഹിച്ചു
കണ്ണൂർ:വിദ്യാർത്ഥികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായി സഹായം ലഭ്യമാക്കുന്നതിനും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുമായി പ്രത്യേക പോക്കറ്റ് കാർഡ് തയ്യാറാക്കി.
സ്നേഹിത സേവനങ്ങൾ, സ്ത്രീശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്ലൈൻ നമ്പറുകൾ, മറ്റ് അത്യാവശ്യ എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ ഉൾപ്പെടുത്തിയ പോക്കറ്റ് കാർഡിൻ്റെ ജില്ലാതല പ്രകാശനം സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭാരത് റെഡ്ഡി നിർവഹിച്ചു. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് കണ്ണൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പോക്കറ്റ് കാർഡ് ഏത് അടിയന്തര സാഹചര്യത്തിലും സഹായം തേടാൻ ആവശ്യമായ വിവരങ്ങൾ എപ്പോഴും കൈവശം സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പോക്കറ്റ് കാർഡിൻ്റെ ആദ്യഘട്ട വിതരണം അഴീക്കോട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മോഡൽ ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ പരിധിയിൽ വരുന്ന സ്‌കൂളുകളിലെ ജെൻഡർ ക്ലബ് അംഗങ്ങൾക്കും സ്‌റ്റുഡൻ്റ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കുമാണ് നടത്തുന്നത്. തുടർന്ന് ജില്ലയിലെ മറ്റ് സ്‌കൂൾ വിദ്യാർത്ഥികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
പരിപാടിയിൽ സിറ്റി സ്‌റ്റൂഡൻ്റ് പോലീസ് അസിസ്‌റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ കെ രാജേഷ്, സിറ്റി പോലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ വിജേഷ് സി, അസിസ്‌റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അമർജ്യോത്. എം, ജെൻഡർ ഡി പി എം ഇൻ ചാർജ് സന്ധ്യ പി വി സ്നേഹിത സ്‌റ്റാഫ് ബിബിത കെ. എന്നിവർ പങ്കെടുത്തു.
.jpg)

