എസ് എൻ കോളെജ് പ്രിൻസിപ്പൽ ഡോ. സതീഷ് സി പി വിരമിച്ചു


കണ്ണൂർ : മുപ്പത് വർഷത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷം ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. സതീഷ് സി പി വിരമിച്ചു. 1995ൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം ഇരുപത് വർഷം കോളെജിന്റെ എൻ സി സി ഓഫീസറും, നാല് വർഷം ഇംഗ്ലീഷ് വകുപ്പ് മേധാവിയും, രണ്ട് വർഷത്തോളം പ്രിൻസിപ്പലുമായിരുന്നു.
കണ്ണർ സർവകലാശാലയുടെ പി ജി ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, യു ജി ഫങ്ങ്ഷണൽ ഇംഗ്ലീഷ്, ഇംഗ്ലീഷ്, ലിറ്ററേച്ചർ എന്നിവയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, യു ജി ഇംഗ്ലീഷ് ബോർഡ് ഓഫ് എക്സാമിനേർഴ്സ് ചെയർമാൻ, ഇഗ്നോ പിജി കൗൺസലർ എന്നീ നിലകളിൽ സ്തുത്യർഹമായ അക്കാദമിക സംഭാവനകൾ നല്കിയിട്ടുണ്ട്.
അമേരിക്കൻ സ്പോട്സ് നോവലുകളെ കുറിച്ചിട്ടാണ് പിഎച്ച്ഡി പ്രബന്ധം.

ന്യൂഡൽഹി ഐസിഎച്ച്ആർ ഫെലോഷിപ്പിന്റെ സഹായത്താൽ ഭാരതീയ ആയോധന കലകളെ പറ്റി മെയ്ജർ റിസർച്ച് പ്രൊജക്ട് ചെയ്യുകയും ബ്രസീലിലെ റിയോയിലെ വേദാന്ത ഫെസ്റ്റിവലിലും, രാജ്യത്തിനകത്ത് നിരവധി സെമിനാറുകളും, ശില്പശാലകളും നടത്തിയിട്ടുണ്ട്. എസ് എൽ കോളെജിന്റെ എൻ സി സി സബ് യൂനിറ്റിനെ കേരളത്തിലെ ഏറ്റവും മികച്ചതാക്കുന്ന വിധത്തിൽ തന്റെ കാലത്ത് 60ൽ പരം റിപ്പബ്ലിക് പരേഡ് കെഡറ്റുകളെയും, പതിനഞ്ചോളം ഡിഫൻസ് ഓഫീസർമാരെയും, നൂറ് കണക്കിന് ആർമി, നേവി, എയർഫോഴ്സ് ജവാൻമാരെയും വാർത്തെടുത്തിട്ടുണ്ട്. നിരവധി തവണ ഏറ്റവും മികച്ച എൻ സി സി ഓഫീസർക്കുള്ള അവാർഡും, ഏറ്റവും മികച്ച എൻ സി സി യൂണിറ്റിനുള്ള അവാർഡും, ഡീജീസ് കമ്മന്റേഷൻ കാർഡും ലഭിച്ചിട്ടുണ്ട്. കോളെജിന്റെ സമഗ്ര പുരോഗതിയിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായ ഇദ്ദേഹത്തിന് വിദ്യാർത്ഥികളും, അദ്ധ്വാപകരും, അലുമ്നൈ സംഘടനകളും സമുചിതമായ യാത്രയയപ്പ് നല്കി.