കണ്ണൂരുമായി ആത്മബന്ധം പുലർത്തിയ നേതാവ് : യെച്ചൂരിയുടെ ഓർമ്മകളിൽ വിപ്ലവമണ്ണ്

The revolutionary soil in Yechurys memories
The revolutionary soil in Yechurys memories

ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന വാക്കുകളോടെ പ്രത്യയശാസ്ത്ര ശാഠ്യമില്ലാതെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ഏതു കാര്യവും അദ്ദേഹത്തോട് ചോദിച്ചാലും വളരെ വിശദമായ മറുപടി പറയുന്ന ശൈലിയാണ് സീതാറാം യെച്ചൂരി സ്വീകരിച്ചിരുന്നത്.

കണ്ണൂർ : വിപ്ലവമണ്ണായ കണ്ണൂരിന് മറക്കാനാവാത്ത വിപ്ലവ നേതാവാണ് സീതാറാം യെച്ചൂരി. കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിലാണ് മൂന്നാം തവണയും സീതാറാം യെച്ചൂരി സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാവുന്നത്. പാർട്ടി കോൺഗ്രസിൻ്റെ ദിവസങ്ങളിൽ തൻ്റെ ലളിതവും ഔന്നത്യവും നിറഞ്ഞ പെരുമാറ്റത്തിലുടെ സി.പി.എം അണികളുടെത് മാത്രമല്ല മുഴുവനാളുകളുടെയും സ്നേഹവും അടുപ്പവും സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

partycongress

ഏതു പ്രതിസന്ധിയിലും ചിരിക്കുന്ന വാക്കുകളോടെ പ്രത്യയശാസ്ത്ര ശാഠ്യമില്ലാതെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ഏതു കാര്യവും അദ്ദേഹത്തോട് ചോദിച്ചാലും വളരെ വിശദമായ മറുപടി പറയുന്ന ശൈലിയാണ് സീതാറാം യെച്ചൂരി സ്വീകരിച്ചിരുന്നത്. പാർട്ടി കോൺഗ്രസിന് ശേഷവും പല തവണ കണ്ണുരിൽ വന്നു പോയിട്ടുണ്ട്.

sitharamyechuri

കേരള മോഡൽ വികസനത്തെ ഏറെ ഉയർത്തിക്കാട്ടിയ സീതാറാം യെച്ചൂരി കണ്ണൂരിലെ സമരപോരാട്ട ചരിത്ര ഭൂമികളും വികസന നേട്ടങ്ങളും സന്ദർശിക്കാൻ സദാ താൽപര്യം കാണിച്ച നേതാവ് കൂടിയാണ്. എ.കെ.ജിയുടെയും നായനാരുടെയും ഓർമ്മകൾ വീണു കിടക്കുന്ന മണ്ണിനെ അദ്ദേഹം അത്രയധികം സ്നേഹിച്ചിരുന്നു.

കണ്ണുരിലെ നേതാക്കളോട് സവിശേഷ അടുപ്പം പുലർത്തിയ നേതാവ് കൂടിയായിരുന്നു യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, പി.കെ ശ്രീമതി ജോൺ ബ്രിട്ടാസ് തുടങ്ങി ഒട്ടേറെപ്പേരുമായി അദ്ദേഹം ആത്മബന്ധം പുലർത്തി.

2025 ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് അദ്ദേഹം വിപ്ളവപ്രസ്ഥാനത്തിൻ്റെ അമരത്ത് നിന്നും അപ്രതീക്ഷിതമായി വിട വാങ്ങുന്നത്. ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ സന്ധിയില്ലാത്ത സമരത്തിന്റെ പേരാണ് സീതാറാം യെച്ചൂരി.

sitharam yechuri kannur

ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതല്‍ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം വരെ പോരാട്ട മുന്നണിയില്‍ സീതാറാമുണ്ടായിരുന്നു. പ്രത്യയശാസ്ത്ര ദൃഢതകൊണ്ട് ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയേകിയ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്.

ജനാധിപത്യവും മനുഷ്യാവകാശവും ഭീഷണിയിലാവുന്ന ഓരോ ഘട്ടത്തിലും ചുരുട്ടിയ മുഷ്ടിയുമായി സീതാറാം സമരമുന്നണിയിലുണ്ട്. സൗഹൃദങ്ങളുടെ ആരവങ്ങളില്‍ ആഘോഷമാവേണ്ട കലാലയകാലത്ത് അടിയന്തരാവസ്ഥക്കെതിരെ പോരാടിയായിരുന്നു തുടക്കം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ ജെ.എന്‍.യു ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന പഴയ ജെ.എന്‍.യു കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ ചിത്രം ഇന്നും വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നതാണ്.

partycongress

പ്രത്യേകവകാശം ഇല്ലാതാക്കി കശ്മീരിനെ ബന്ദിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരും സീതാറാം യെച്ചൂരിയുടെ പോരാട്ട വീര്യം അറിഞ്ഞു. നിയമത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി കശ്മീരിലേക്ക് എത്തിയ സീതാറാമിന്റെ ഇടപടല്‍ ഇതര രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ പ്രശംസിച്ചു.

തന്റെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ യൂസഫ് അലി തരിഗാമിയെ കാണാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്താണ് മോദി സര്‍ക്കാരിന്റെ ഇരുമ്പുമറ തകര്‍ത്ത് യെച്ചൂരി കശ്മീരിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ആദ്യം പുറംലോകം അറിഞ്ഞതും യെച്ചൂരിയുടെ വാക്കുകളിലൂടെ തന്നെ.

sitharamyechuri

പൗരത്വ ഭേദഗതി സമരകാലത്തും കൊവിഡ് പ്രതിരോധത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ചക്കെതിരേയും ശക്തമായ നിലപാടുമായി യെച്ചൂരി സമരമുന്നണിയില്‍ ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ എന്നൊക്കെ ഇടപെടാന്‍ ശ്രമിച്ചോ അന്നെല്ലാം പ്രതിരോധത്തിന് മുന്നില്‍ സീതാറാം യെച്ചൂരിയുണ്ടായിരുന്നു.

വര്‍ഷങ്ങളോളം ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ യെച്ചൂരി എഴുതിയിരുന്ന കോളത്തിന്റെ പേരായിരുന്നു LEFT HAND DRIVE. സമകാലിക വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് നിലപാടുകള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചിരുന്ന യെച്ചൂരിയുടെ കോളത്തിന് ഇതിനും അനുയോജ്യമായൊരു പേരില്ല. അനീതിക്കെതിരെ അചഞ്ചലമായി മനുഷ്യപക്ഷത്ത് നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യയെന്ന മതേതര-ജനാധിപത്യ രാഷ്ട്രത്തിന് നഷ്ടമാവുന്നത്.

Tags